ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ദേശീയ-സംസ്ഥാന രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ടിവികെയുടെ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് പുതിയ സർക്കാർ അധികാരത്തിലെത്തിയത്.
വിജയ്ക്കൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ പ്രഖ്യാപിച്ച മന്ത്രിസഭയിൽ കോൺഗ്രസ് അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. വിശ്വാസ വോട്ടിന് ശേഷം കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് സൂചന. 29 വയസ്സുകാരിയായ സെൽവി എസ്. കീർത്തനയാണ് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗം. ശിവകാശി എംഎൽഎയായ കീർത്തന ടിവികെയുടെ യുവമുഖങ്ങളിലൊരാളായാണ് ശ്രദ്ധ നേടിയത്. മുൻ കോൺഗ്രസ് നേതാവ് എൻ. ആനന്ദ്, മുൻ എഐഎഡിഎംകെ നേതാവ് കെ.എ. സെങ്കോട്ടയ്യൻ, മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ കെ.ജി. അരുൺരാജ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് മന്ത്രിസഭയിലെ മറ്റ് പ്രധാന അംഗങ്ങൾ.
സിനിമാ ശൈലിയിലുള്ള ആവേശകരമായ ചടങ്ങായിരുന്നു സത്യപ്രതിജ്ഞ വേദിയിൽ അരങ്ങേറിയത്. “സി ജോസഫ് വിജയ് എന്ന ഞാൻ” എന്നു തുടങ്ങി പേപ്പറിൽ നോക്കാതെയായിരുന്നു വിജയ് സത്യപ്രതിജ്ഞ ചൊല്ലിയത്. ആരാധകരുടെ ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങൾക്കിടെ സ്വന്തം സിനിമകളിലെ പഞ്ച് ഡയലോഗുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു വിജയ് വേദിയെ അഭിസംബോധന ചെയ്തത്. ചടങ്ങിന് സാക്ഷിയാകാൻ ടിവികെ പ്രവർത്തകരും ആരാധകരും വൻ തോതിൽ സ്റ്റേഡിയത്തിലെത്തി.











Leave a Reply