പോർട്ട് ഓഫ് സ്‌പെയ്ൻ: ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ രണ്ടാം ഏകദിനം ഇന്ന് നടക്കും. ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ നടക്കുന്ന ആദ്യ പരമ്പരയിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നില്ല. മത്സരത്തിൽ ഇന്ത്യൻ നായകനെ കാത്തിരിക്കുന്നത് ഒരു റെക്കോർഡ് കൂടിയാണ്. അതും 26 വർഷം പഴക്കമുള്ള റെക്കോർഡ്. ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്.
വിൻഡീസിനെതിരെ 19 റൺസ് കൂടി കൂട്ടിച്ചേർക്കാനായാൽ കരീബിയൻ പടയ്ക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോഹ്‌ലി മാറും. പാക്കിസ്ഥാൻ ഇതിഹാസം ജാവേദ് മിയാൻദാദിന്രെ 26 വർഷം പഴക്കുമുള്ള റെക്കോർഡാണ് കോഹ്‌ലി സ്വന്തം പേരിൽ തിരുത്തിയെഴുതാൻ ഒരുങ്ങുന്നത്. 1993ലാണ് ജാവേദ് വിൻഡീസിനെതിരെ അവസാന ഏകദിന മത്സരം കളിച്ചത്.
ജാവേദ് മിയാൻദാദ് 1930 റൺസാണ് വിൻഡീസിനെതിരെ മാത്രം അടിച്ചുകൂട്ടിയത്. 64 മത്സരങ്ങളിൽ നിന്നാണ് താരം ഈ വലിയ സ്കോർ സ്വന്തം അക്കൗണ്ടിൽ ചേർത്തത്. എന്നാൽ റെക്കോർഡുകൾ അനായാസം മറികടക്കാറുള്ള കോഹ്‌ലി ഇത്തവണയും പതിവ് ആവർത്തിച്ചു. നാളെ നടക്കുന്ന മത്സരത്തിൽ റെക്കോർഡ് മറികടക്കാനായാൽ കോഹ്‌ലി ഈ നേട്ടത്തിലെത്താൻ എടുത്തത് കേവലം 34 മത്സരങ്ങൾ മാത്രമായി രേഖപ്പെടുത്തപ്പെടും.
നേരത്തെ ആദ്യ ഏകദിനത്തിൽ ബാറ്റ് വീശാൻ ഇന്ത്യൻ നായകന് സാധിച്ചിരുന്നില്ല. ആദ്യ മത്സരം മഴമൂലം പാതിയിൽ ഉപേക്ഷിക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 13 ഓവറിൽ എത്തി നിൽക്കെയാണ് മഴ കനക്കുകയും മത്സരം ഉപേക്ഷിക്കുകയും ചെയ്തത്.
അതേസമയം ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യയുടെ പൂർണാധിപത്യമായിരുന്നു. മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോൾ നായകൻ വിരാട് കോഹ്‌ലി തന്നെയായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഒരു അർധസെഞ്ചുറി ഉൾപ്പടെ 106 റൺസാണ് കോഹ്‌ലി മൂന്ന് മത്സരങ്ങളിൽ നിന്ന് അടിച്ചെടുത്തത്.
Leave a Reply