ന്യൂസ് ഡെസ്ക്, മലയാളം യുകെ
2025 ജനുവരി മുതൽ യുകെയിലേയ്ക്ക് വിവിധ ആവശ്യങ്ങൾക്കായി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് കൂടുതൽ സങ്കീർണമായ നടപടിക്രമങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. വിദ്യാർത്ഥി വിസയിൽ വരുന്നവരായാലും ജോലിക്കായി എത്തുന്നവരാണെങ്കിലും വിസയ്ക്ക് അപേക്ഷിക്കുന്നതിന് ഫീസിലും വർദ്ധനവ് ഉണ്ട് . ഇത്കൂടാതെ കൂടുതൽ കരുതൽ ധനം കാണിക്കുന്നതിലും വർദ്ധനവ് ഉണ്ട്. വിസയ്ക്ക് അപേക്ഷിക്കുന്നവർ നേരത്തെ ഉള്ളതിലും 11 ശതമാനം കൂടുതൽ സാമ്പത്തിക കരുതൽ ധനം കാണിക്കേണ്ടതായി വരും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
കുടിയേറ്റം കുറയ്ക്കുക എന്ന പൊതുവായ നയത്തിന്റെ ഭാഗമായാണ് പഠന, തൊഴിൽ വിസകൾക്ക് സാമ്പത്തിക പരുധി വർദ്ധിപ്പിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. ജനുവരി മാസം മുതൽ യുകെയിൽ പഠന വിസയ്ക്ക് അപേക്ഷിക്കുന്ന ഇൻറർനാഷണൽ സ്റ്റുഡൻസിന്റെ ജീവിത ചിലവുകൾ വഹിക്കുന്നതിന് മതിയായ തുക ബാങ്ക് അക്കൗണ്ട് ഉണ്ടെന്നതിന് തെളിവുകൾ ഹാജരാക്കണം. ലണ്ടനിലാണ് പഠിക്കുന്നതെങ്കിൽ പ്രതിമാസം 1.5 ലക്ഷം രൂപ (1483 പൗണ്ട്) ആണ് ചിലവിനായി കാണിക്കേണ്ടത്. ലണ്ടനിൽ നിന്ന് പുറത്തുള്ള കോളേജുകൾക്ക് പ്രതിമാസം 1136 പൗണ്ട് ആണ് അക്കൗണ്ടിൽ കാണിക്കേണ്ടത്. ഒരു വർഷത്തെ ബിരുദാനന്തര കോഴ്സുകൾക്ക് 14 ലക്ഷം രൂപയാണ് വിദ്യാർത്ഥി അക്കൗണ്ടിൽ കാണിക്കേണ്ടത്. വിസ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് തുടർച്ചയായി 28 ദിവസമെങ്കിലും ഈ ഫണ്ടുകൾ കൈവശം വച്ചിരിക്കണം.
അടുത്തവർഷം മുതൽ സ്കിൽഡ് വിസകൾക്കായി അപേക്ഷിക്കേണ്ട തൊഴിലാളികൾ ജീവിത ചിലവും താമസവും വഹിക്കുന്നതിന് കുറഞ്ഞത് 38,700 പൗണ്ട് വാർഷിക വരുമാനം ഉണ്ടന്നതിന്റെ തെളിവ് ഹാജരാജക്കണം . ഇതു കൂടാതെ ഹോം ഓഫീസ് അംഗീകരിച്ച യുകെയിലെ ഒരു തൊഴിലുടമയുടെ സ്പോൺസർഷിപ്പും അവർക്ക് ഉണ്ടായിരിക്കണം. വിനോദസഞ്ചാരത്തിനായി എത്തിയവർ, ആശ്രിതരായി എത്തുന്നവർ എന്നിവർ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് അപേക്ഷാ ഫീസിൽ ചെറിയ ഒരു വർദ്ധനവ് ഉണ്ടായിരിക്കും. എന്നിരുന്നാലും വികലാംഗരായ അപേക്ഷകർ, കെയർ മേഖലയിലും ആരോഗ്യരംഗത്തും പ്രവർത്തിക്കുന്നവർ തുടങ്ങി പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇളവുകൾ ഉണ്ടാകും.
Leave a Reply