വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. സഹായമെത്രാന്‍ ആര്‍ ക്രിസ്തുരാജ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെയുണ്ടായ അക്രമങ്ങളില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കും, തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തിലും പോലീസ് സ്വമേധയായും ആകെ പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒമ്പതെണ്ണവും സഭയുടെ പിന്തുണയോടെ തുറമുഖ നിര്‍മാണത്തെ എതിര്‍ത്ത് സമരം ചെയ്യുന്ന വിഭാഗത്തിനെതിരെയാണ്.
വൈദികരടക്കം 95 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. നിയമവിരുദ്ധമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അക്രമത്തിന് എത്തിയവരുടെ വാഹനങ്ങളുടെ നമ്പര്‍ അടക്കം എഫ്ഐആറില്‍ വ്യക്തമാക്കുന്നു. വൈദികര്‍ അടക്കമുള്ള പ്രതികള്‍ കലാപത്തിന് ആഹ്വാനം നല്‍കിയെന്നും, ഇതര മതസ്ഥരുടെ വീട് ആക്രമിച്ചെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു. സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ച് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലുള്ള തുറമുഖ പ്രദേശത്ത് അതിക്രമിച്ചു കടക്കുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തതിനും കേസെടുത്തിട്ടുണ്ട്.
തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം പദ്ധതിയെ എതിര്‍ക്കുന്ന തീരദേശവാസികള്‍ അടക്കമുള്ള സമരസമിതി തടഞ്ഞതോടെ വിഴിഞ്ഞം ഇന്നലെ സംഘര്‍ഷ ഭൂമിയായി മാറി. തുറമുഖത്തെ എതിര്‍ത്ത് സമരം ചെയ്യുന്ന വിഭാഗവും തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയസമിതി വിഭാഗവും ഏറ്റുമുട്ടി. പ്രദേശത്തെ വീടുകള്‍ക്കുനേരെ വരെ അക്രമം ഉണ്ടാവുകയും ചെയ്തു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
Leave a Reply