സി ദിവാകരനെതിരെ തുറന്നടിച്ച് വി എസ് അച്യുതാനന്ദൻ. ദിവാകരൻ മലർന്നു കിടന്നു തുപ്പുകയാണെന്നും ജനം അദ്ദേഹത്തെ വിലയിരുത്തുമെന്നും വിഎസ് ഫേസ്ബുക്കിൽ പ്രതികരിച്ചു. വി എസിനും ധനമന്ത്രി തോമസ് ഐസക്കിനും എതിരെ കഴിഞ്ഞ ദിവസം ദിവാകരൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ദിവസം റവന്യു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി സാജു അനുസ്മരണ യോഗത്തിലായിരുന്നു സി ദിവാകരന്റെ വിമർശനം. ദിവാകരന് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിഎസിന്റെ മറുപടി. ദിവാകരൻ മലർന്നു കിടന്നു തുപ്പുകയാണെന്ന് വി എസ് ആരോപിച്ചു. ഭരണ പരിഷ്‌കരണ കമ്മീഷൻ പരാജയമാണെന്നും, ഒരു മുൻ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോൾ, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങൾ അന്വേഷിക്കും. അന്നത്തെ മാധ്യമ വാർത്തകൾ അവർ അയവിറക്കും. മലർന്നു കിടന്ന് തുപ്പുന്നവർക്കറിയില്ല, ആരുടെ മുഖത്തേക്കാണവർ തുപ്പുന്നതെന്ന്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോർട്ടുകൾ പൂർത്തിയാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിൻറെ ധനകാര്യം കൈകാര്യം ചെയ്യുമ്പോൾ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങൾ മുൻഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനാവില്ലന്നും വിഎസ് മറുപടി നൽകി. ദിവാകരന്റെ പരാമർശത്തിനെതിരെ വിഎസും രംഗത്തു വന്നതോടെ സിപിഎം സിപിഐ പോര് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുകയാണ്.