ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ മറവില്‍ നടക്കുന്നതെന്നും കര്‍ശന നടപടിയെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍.

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് എന്ന സ്ഥാപനം നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച് സെബിയുടെ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്നാണ് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. ചിട്ടിഫണ്ടുകളുടെയും സ്വര്‍ണ നിക്ഷേപങ്ങളുടെയും പേരില്‍ ഉള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് പെരുകിവരികയാണ്. സെന്റ് ജോസഫ് സാധുജനസംഘം, ചാലക്കുടി കേന്ദ്രമായ ഫിനോമിനല്‍ ഗ്രൂപ്പ്, നിര്‍മ്മല്‍ ചിട്ടിഫണ്ട് മുതലായ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചുവരികയാണ്. ഇതുമൂലം ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് വഴിമുട്ടി നില്‍ക്കുന്നത്. എന്നാല്‍, ഇതിനേക്കാളെല്ലാം ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയുടെ പേരില്‍ നടക്കുന്നതെന്നും സിഡി ബോബി എന്ന ആളാണ് ഇതിന്റെ പ്രമോട്ടറെന്നും വിഎസ് ചൂണ്ടികാണിക്കുന്നു.

ഇതു സംബന്ധിച്ച് താന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനും കേന്ദ്ര ധനകാര്യ ഏജന്‍സികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ, യുഡിഎഫ് സര്‍ക്കാര്‍ ഇതിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വിഎസ് പറയുന്നു. ഈ കാലയളവിലും ലക്ഷക്കണക്കിന് ആളുകള്‍ തട്ടിപ്പിന് വിധേയരായിക്കൊണ്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2017 ജൂണ്‍ 30ന് കൂടിയ എസ്എല്‍സിസി യോഗത്തില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് എന്ന അണ്‍ ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപനം സ്വര്‍ണ നിക്ഷേപങ്ങള്‍ക്കുള്ള അഡ്വാന്‍സ് തുകയുടെ മറവില്‍ ഡിപ്പോസിറ്റ് സ്‌കീമുകള്‍ നടത്തുന്നതായി സെബി റിപ്പോര്‍ട്ട് ചെയ്തു. ഇത് തികച്ചും നിയമവിരുദ്ധമാണെന്നും പല സംസ്ഥാനങ്ങളിലായി ഈ സ്ഥാപനം ആയിരം കോടിയിലധികം രൂപ ഇങ്ങനെ അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും സെബി അറിയിച്ചു. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 998.4 കോടി രൂപ പൊതുജനങ്ങളില്‍നിന്ന് ഈ സ്ഥാപനം സ്വര്‍ണ നിക്ഷേപത്തിനുള്ള അഡ്വാന്‍സായി പിരിച്ചെടുത്തിട്ടുണ്ട്.

എന്നാല്‍ ഇതേ കാലയളവിലെ ഈ സ്ഥാപനത്തിന്റെ വിറ്റുവരവ് വെറും 66.3 കോടിയാണ്. വില്‍ക്കാനായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വെറും 35.26 കോടിയുടേതുമായിരുന്നു. കണക്കിലെ ഈ വലിയ അന്തരവും അതുമൂലം നിക്ഷേപകര്‍ക്ക് ഉണ്ടാകാവുന്ന ഭീമമായ നഷ്ടവും സെബി ചൂണ്ടിക്കാണിച്ചിരുന്നു. 1934ലെ ആര്‍ബിഐ ആക്റ്റിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ നിയമവിരുദ്ധ സ്ഥാപനം ഇപ്പോഴും പരസ്യങ്ങളിലൂടെ പൊതുജനങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയാണ്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ പ്രസ്തുത യോഗം തുടര്‍ നടപടി സ്വീകരിക്കാനുള്ള ചുമതല റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെയും സംസ്ഥാന പോലീസ് വകുപ്പിനെയും ഏല്‍പ്പിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് ആധികാരികമായ വിവരം ഉത്തരവാദിത്വപ്പെട്ടവരില്‍നിന്നുതന്നെ ലഭിച്ചിട്ടും ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കുന്ന പോലീസ് നടപടി തീരെ ശരിയല്ലെന്നും വിഎസ് ആരോപിക്കുന്നു.