ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമര്‍ശത്തില്‍ വി എസ് അച്യൂതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിയില്‍ പരിഹാസവുമായി മുന്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമാ തഹ്ലിയ. ഉമ്മന്‍ചാണ്ടിയെ കുറിച്ച് പച്ചക്കള്ളം പറഞ്ഞതിന് കോടതി പിഴയിട്ട വി.എസ് അച്യുതാനന്ദന്‍ സഹായ ഫണ്ടിലേക്ക് എന്റെ വക 5 രൂപ എന്നായിരുന്നു തഹ്ലിയയുടെ പരിഹാസം.

സത്യം ജയിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഭയമില്ലായിരുന്നു എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഞാന്‍ മുഖ്യന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷം നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചു. തെറ്റ് ചെയ്തില്ലെന്ന് പൂര്‍ണ ബോധ്യമുണ്ട്. എത്ര കേസുകള്‍, എത്ര കമ്മിഷനുകള്‍ വന്നു? സത്യം ജയിച്ചുവെന്ന് മനസിലായി. എന്റെ മനസാക്ഷിയാണ് എന്റെ ശക്തി. വിഎസിന്റെ പക്കല്‍ നിന്ന് പണം വാങ്ങുന്നതിന് സമയമെടുക്കും. അപ്പീലൊക്കെ പോയി വരുമ്പോള്‍ കാലതാമസമെടുക്കും. നേരത്തെ വന്ന വിധികള്‍ പ്രകാരം കിട്ടാനുള്ള തുകയും കിട്ടിയില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

സോളാര്‍ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനെതിരെ 2014 ലാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടിക്ക് നല്‍കണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വിഎസിന്റെ അഭിഭാഷകന്‍ അറിയിച്ചു.