കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായുള്ള കുടിയൊഴിപ്പിക്കൽ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കാനാണ് നാട്ടുകാരുടെ തീരുമാനം.

മരടിലെ ആൽഫ സെറീൻ ഫ്ലാറ്റിന് സമീപമുള്ള പ്രദേശവാസികൾ ഇൻഷുറൻസ് തുകയിലുൾപ്പെടെ വ്യക്തത ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടും അധികൃതരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കളക്ടർ വിളിച്ചിരിക്കുന്ന യോഗത്തിൽ നിന്ന് വിട്ട് നിൽക്കാനാണ് നാട്ടുകാരുടെ തീരുമാനം.പൊടിയും ശബ്ദവും ഏറിയതോടെ പത്തിലേറെ കുടുംബങ്ങൾ വാടകവീടുകളിലേക്ക് മാറിക്കഴിഞ്ഞു.

സ്ഫോടനം സംബന്ധിച്ചുള്ള ആശങ്കകൾ ഇപ്പോഴുമുണ്ടെന്നും സബ് കളക്ടറെ ഉടൻ കണ്ട് വിഷയം ഉന്നിയിക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു അറിയിച്ചു. ജില്ലാ എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രിയെ വിഷയത്തിന്റെ ഗൗരവം അറിയിക്കുമെന്നും പി രാജു പറഞ്ഞു. അടുത്ത ദിവസം ആരംഭിക്കുന്ന നിയമസഭ യോഗത്തിൽ സ്ഥലം എംഎൽഎ വിഷയം ഉന്നയിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. ഈ മാസം മുപ്പതാം തീയതിക്കുള്ളിൽ കാര്യങ്ങൾക്ക് വ്യക്തത വരുത്തിയില്ലെങ്കിൽ ജനുവരി ഒന്നുമുതൽ സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.