വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് പൃഥ്വിരാജും ടൊവീനോയും ഉണ്ണി മുകുന്ദനും. മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അതിനെതിരെ സോഷ്യൽമീഡിയയിലൂടെ മാത്രം പ്രതിഷേധിക്കുന്ന ആളുകളുടെ പ്രവണതയെ എതിർത്തായിരുന്നു പൃഥ്വിയുടെ പ്രതികരണം.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

പൃഥ്വിരാജിന്റെ വാക്കുകൾ: ആ സമയം വീണ്ടും എത്തിയിരിക്കുന്നു! കുറച്ച് ഫോളോവേർസ് ഉള്ളവർ (ഞാൻ ഉൾപ്പടെ) വൈകാരികമായ വാക്കുകളാൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതുന്ന സമയം. ആ രണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും എങ്ങനെ നീതി നിഷേധിക്കപ്പെട്ടെന്നും സമൂഹമെന്ന നിലയിൽ നാം അർഹിക്കുന്ന നീതിയെക്കുറിച്ചും ഹാഷ്ടാഗ് കൊണ്ട് എങ്ങനെ പ്രതിഷേധത്തിന് ആക്കം കൂട്ടാം എന്നൊക്കെ പറയുന്ന കുറിപ്പ്.

എന്നാൽ ഈ സാഹചര്യത്തേക്കാൾ ഏറെ ഭയപ്പെടുത്തുന്നത് ഈ കുറിപ്പുകളിൽ കാണുന്ന ഏകതാന സ്വഭാവവമാണ്. ഒരു പാറ്റേൺ. കുറിപ്പ് എങ്ങനെ ആരംഭിക്കാമെന്നും പൊരുത്തക്കേട് എങ്ങനെ അവതരിപ്പിക്കാമെന്നും പ്രശ്ന പരിഹാരത്തിന് ആഹ്വാനം ചെയ്ത് അത് എങ്ങനെ അവസാനിപ്പിക്കണമെന്നും നിങ്ങൾക്കറിയാം. നിങ്ങൾ അതിൽ വിദഗ്ദ്ധനാണ്. നിങ്ങൾ അങ്ങനെ ആയി തീർന്നിരിക്കുന്നു.

“അവർ നീതിക്ക് അർഹരാണ്”. “വാളയാർ പെൺകുട്ടികൾക്കു നീതി വേണം”. “പീഡകരെ ശിക്ഷിക്കുക”.

ശരിക്കും? ഇതൊക്കെ പറയേണ്ട കാര്യം തന്നെ ഉണ്ടോ? ഇവിടെ ഒരു സിസ്റ്റം പ്രവർത്തിക്കാൻ സോഷ്യൽ മീഡിയയിലെ ജനക്കൂട്ടം ശരിക്കും ആവശ്യമുണ്ടോ? നമ്മൾ അങ്ങനെ ഒരവസ്ഥയിൽ എത്തിയോ?

അപകടകരമായ വിധത്തിൽ നമ്മൾ സ്വയം കീഴടങ്ങാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.. ഒരു ജനത അവരുടെ ഘടന നിലനിർത്തുന്ന ഭരണവ്യവസ്ഥയിൽ പ്രതീക്ഷ കൈവിടുമ്പോള്‍, എല്ലായ്പ്പോഴും വിപ്ലവം ഉണ്ടാകും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.

എന്ന്, പൃഥ്വിരാജ് സുകുമാരൻ. പൗരൻ.

ടൊവീനോ: കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ‌ ഞാനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണമായും നഷ്ടപ്പെടുമെന്നുറപ്പാണു.

കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവർ പ്രതികരിക്കും . ഹാഷ്ടാഗ് ക്യാംപെയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !

ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം;

‘തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍, തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോള്‍ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വവും നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്.

മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.’