കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ ലോക്ക്ഡൗണിലേക്ക് മടങ്ങാൻ സന്നദ്ധരായി സംസ്ഥാനങ്ങൾ. എന്നാൽ, സംസ്ഥാനങ്ങളുടെ നിർദേശത്തോട് യോജിക്കാതെ കേന്ദ്രസർക്കാർ രംഗത്തെത്തി. സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദേശിച്ചു. കൊവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കണം. മാസ്‌ക് ധരിക്കണം, കൈകൾ ശുചിയാക്കണം. ഇതു വഴി പോരാട്ടവുമായി മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളിൽ കൂടുതലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്. മൂന്നിലൊന്ന് പേർ മഹാരാഷ്ട്രയിലാണുള്ളത്.

സ്ഥിതി അതീവഗുരുതമാണെന്നിരിക്കെയാണ് സംസ്ഥാനങ്ങൾ ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിക്കുന്നത്. മണിപ്പൂർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിക്കഴിഞ്ഞു. പശ്ചിമബംഗാളിലും ഉത്തർപ്രദേശിലും ആഴ്ചയിൽ രണ്ടു ദിവസം ലോക്ക്ഡൗണാണ്. എന്നാൽ ലോക്ക്ഡൗണിലേക്ക് മടങ്ങാൻ തൽക്കാലം കേന്ദ്രത്തിന് താൽപര്യമില്ല. കൊവിഡ് വാക്‌സിൻ നവംബറോടെ ആയിരം രൂപ നിരക്കിൽ എത്തിക്കാമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 4,26,167 പേരാണ്. തമിഴ്‌നാട്ടിൽ 51,765 പേരും, കർണ്ണാടകയിൽ 47,075 പേരും, ആന്ധ്രയിൽ 31,763ഉം, തെലങ്കാനയിൽ 11,155ഉം, കേരളത്തിൽ 8825 പേരും ചികിത്സയിലുണ്ട്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആകെ 1,51,484 പേരാണ് ചികിത്സയിലുള്ളത്. അതായത് രാജ്യത്തെ കൊവിഡ് രോഗികളിൽ മൂന്നിൽ ഒന്നിൽ കൂടുതൽ രോഗികൾ അഞ്ച് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്. മൂന്നിൽ ഒന്ന് രോഗികൾ മഹാരാഷ്ട്രയിൽ മാത്രമായി ഉണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ എല്ലാം കൂടി 30 ശതമാനം രോഗികൾ മാത്രമാണുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണം ഇന്ത്യയിൽ ദിവസേനെ നാലു ശതമാനം വീതം ഉയരുകയാണ്. നിലവിലെ രോഗബാധിതരുടെ കാര്യത്തിൽ ഇന്ത്യയ്ക്കും ബ്രസിലീനുമിടയിൽ ഒരു ലക്ഷത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്.