ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് വ്യാപനം തടയാനായി ഏർപ്പെടുത്തിയ യാത്രാനിരോധനം വെയിൽസ് പിൻവലിച്ചു. എന്നാൽ ഏപ്രിൽ 12 -ന് സ്ഥിതി വിലയിരുത്തുന്നതുവരെ വെയിൽസിന് പുറത്തേയ്ക്കുള്ള യാത്ര അനുവദനീയമല്ല. ഇളവുകളുടെ ഭാഗമായി രണ്ട് വീടുകളിൽ നിന്നുള്ള ആറ് പേർക്ക് പുറത്ത് ഒത്തു ചേരാൻ കഴിയും. ഇത് നേരത്തേ നാല് പേർക്കായിരുന്നു. ഈസ്റ്റർ ദിനങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലുകൾക്ക് അനുവദിച്ചിരിക്കുന്ന യാത്രാ ഇളവ് അവസരമൊരുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ ഒരു നിർണായക തീരുമാനത്തിൽ സെപ്റ്റംബർ മാസം മുതൽ 70 വയസ് കഴിഞ്ഞവർക്ക് പ്രതിരോധവാക്‌സിൻെറ ബൂസ്റ്റർ ഡോസുകൾ രാജ്യമെങ്ങും നൽകാൻ തീരുമാനമായതായി വാക്‌സിൻ വിതരണത്തിൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി വെളിപ്പെടുത്തി. വാക്‌സിൻെറ രണ്ട് ഡോസ് സ്വീകരിച്ച വയോധികർക്ക് ജനിതക മാറ്റം വന്ന കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നൽകാനാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനിതകമാറ്റം വന്ന കൊറോണ വൈറസുകളെ പ്രതിരോധിക്കാനുള്ള വാക്സിനു വേണ്ടിയുള്ള പരീക്ഷണങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം യുകെയിൽ നിലവിൽ 29 ദശലക്ഷം പേർക്കാണ് വാക്സിൻെറ ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത്.
Leave a Reply