സ്വന്തം ലേഖകൻ
ലണ്ടൻ : രാജ്യത്തിന്റെ മിക്ക ഇടങ്ങളിലും താപനില ഇന്ന് ഏറ്റവും കൂടുതൽ വർദ്ധിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വർഷത്തിലെ ഏറ്റവും ചൂടേറിയ ദിനം ഇന്നായിരിക്കുമെന്നാണ് പ്രവചനം. 26 ഡിഗ്രി സെൽഷ്യസ് (78.8 എഫ്) വരെ താപനില ഉയർന്നേക്കും. ലണ്ടനിലും തെക്ക്-കിഴക്കൻ പ്രദേശങ്ങളിലും ഐബിസയെയും സെന്റ് ട്രോപ്പസിനേക്കാളും ചൂട് കൂടുതലായിരിക്കുമെന്നും അവർ പറയുന്നു. സ്കോട്ട്‌ലൻഡിന്റെ വടക്കൻ ഭാഗങ്ങളിൽ തണുത്ത കാലാവസ്ഥ കുറയുന്നതിനാൽ നാളെ താപനില 15° സെൽഷ്യസ് (59 എഫ്) വരെ ആയേക്കും.
വടക്കൻ ഇംഗ്ലണ്ടിൽ 23 ഡിഗ്രി സെൽഷ്യസ് (73.4 എഫ്), വടക്കൻ അയർലണ്ടിൽ 21 ഡിഗ്രി സെൽഷ്യസ് (69.8 എഫ്), സ്കോട്ട്‌ലൻഡിന്റെ തെക്കൻ ഭാഗങ്ങളിൽ 20 ഡിഗ്രി സെൽഷ്യസ് (68 എഫ്), വെയിൽസിൽ 24 ഡിഗ്രി സെൽഷ്യസ് (75.2 എഫ്) വരെ താപനില ഉയർന്നേക്കാം. ഇന്ന് ഉച്ചയ്ക്ക് ശേഷമാകും ഈയിടങ്ങളിൽ ചൂട് കൂടുക. ദുഃഖവെള്ളിയാഴ്ച, കോൺവാളിലെ ട്രെക്നോവിൽ രേഖപ്പെടുത്തിയ 26 ഡിഗ്രി സെൽഷ്യസ് ഇന്ന് മറികടക്കാൻ സാധ്യതയുണ്ട്. വടക്കൻ സ്കോട്ട്ലൻഡിൽ നേരിയ മഴയുണ്ടാകും. വൈകുന്നേരം ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് വീഴാനും സാധ്യതയുണ്ട്. അതിനാൽ അവിടെ ദിവസം മുഴുവൻ താപനില 12 ഡിഗ്രി സെൽഷ്യസ് (53.6 എഫ്) ൽ താഴെയായിരിക്കുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു. “ശനിയാഴ്ച നമ്മിൽ മിക്കവർക്കും വളരെ ഊഷ്മളവും മനോഹരവുമായ സൂര്യപ്രകാശം ലഭിക്കും. ലണ്ടനിലും തെക്ക് കിഴക്കൻ പ്രദേശങ്ങളിലും 26 ഡിഗ്രി സെൽഷ്യസ് (78.8 എഫ്) യ്ക്ക് മുകളിൽ താപനില ഉയർന്നേക്കാം. അതിനാൽ ഇന്ന്, വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസമായി മാറും.” മെറ്റ് ഓഫീസ് ഉദ്യോഗസ്ഥൻ ക്രെയ്ഗ് സ്നെൽ പറഞ്ഞു. സ്പെയിനിൽ നിന്ന് വരണ്ട തെക്കൻ കാറ്റ് യുകെയിലേക്ക് വീശുന്നതാണ് താപനില ഉയരാനുള്ള പ്രധാന കാരണം.
Leave a Reply