ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യമെങ്ങും അനുഭവപ്പെട്ട കനത്ത ചൂടിനിടെ തുറന്ന ജലാശയങ്ങളിൽ കുളിക്കാനിറങ്ങിയ ഒൻപത് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നാല് ദിവസത്തിനിടെ ഏഴ് കുട്ടികളും രണ്ട് മുതിർന്നവരുമാണ് നദി, തടാകം, കടൽ, റിസർവോയർ എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളിൽ മരിച്ചത്. ലാങ്കാഷെയറിലെ റിവർ റിബിൾയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച 12കാരൻ ജൂനിയർ സ്ലേറ്ററാണ് ഏറ്റവും ഒടുവിൽ മരണമടഞ്ഞത്. സംഭവസ്ഥലത്ത് “ഇവിടെ പലരും മുങ്ങിമരിച്ചു” എന്ന മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും കുട്ടികൾ പതിവായി വെള്ളത്തിലേക്ക് ചാടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹാംഷെയറിലെ ഹോളി ലേക്കിൽ കാണാതായ കൗമാരക്കാരന്റെ മൃതദേഹം ബുധനാഴ്ച കണ്ടെത്തിയിരുന്നു . ചെഷയറിലെ പിക്മിയർ ലേക്കിൽ 17കാരൻ മുങ്ങിമരിച്ചിരുന്നു. ഹാലിഫാക്സിലെ ലീഡ്ബീറ്റർ ഡാമിൽ നിന്ന് പുറത്തെടുത്ത 13കാരൻ റീക്കോ പട്ടോക്ക് ആശുപത്രിയിൽ ആണ് മരിച്ചത് . സ്റ്റാഫോർഡ്‍ഷെയറിലെ കിങ്സ്ബറി വാട്ടർ പാർക്കിൽ നിന്ന് ലില്ലിയാന ടോംലിൻസന്റെ മൃതദേഹവും കണ്ടെത്തി. സൗത്ത് യോർക്ക്ഷെയറിലെ റോതർ വാലി കൺട്രി പാർക്കിലും ലിങ്കൺഷെയറിലെ തടാകത്തിലും രണ്ട് കുട്ടികൾ കൂടി മുങ്ങിമരിച്ചു. കുട്ടികളെ വെള്ളത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കണം എന്ന് മരിച്ച 15കാരൻ ഡിക്ലാൻ സോയരുടെ പിതാവ് അഭ്യർത്ഥിച്ചു.

കോൺവാളിലെ ട്രെഗേൾസ് ബീച്ചിൽ തിരമാലയിൽപ്പെട്ട കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിച്ച 68കാരൻ ഫിൽ ക്രോയും മരണമടഞ്ഞിരുന്നു . പെംബർക്‌ഷെയറിലെ വെസ്റ്റ് ആംഗിൾ ബേയിൽ 72കാരിയായ സ്ത്രീയും കടലിൽ മുങ്ങിമരിച്ചു. വായു ചൂടാകുമ്പോഴും ജലത്തിന്റെ താപനില ഇപ്പോഴും 13 ഡിഗ്രിയോളം മാത്രമാണ്. അത്തരത്തിൽ പെട്ടെന്ന് വെള്ളത്തിലിറങ്ങുമ്പോൾ ‘കോൾഡ് ഷോക്ക്’ ഉണ്ടാകുകയും ശ്വാസം നിയന്ത്രിക്കാനാകാതെ പലരും മുങ്ങിമരിക്കുകയും ചെയ്യുന്നു എന്ന് ദേശീയ ജലസുരക്ഷാ ഫോറം ചെയർമാൻ പ്രൊഫ. മൈക്ക് ടിപ്ടൺ പറഞ്ഞു. അതേസമയം കൂടുതൽ നീന്തൽ പരിശീലനവും സ്കൂൾതലത്തിൽ ജലസുരക്ഷാ വിദ്യാഭ്യാസവും അടിയന്തിരമായി നടപ്പാക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു.