ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലണ്ടനിൽ നാളെ നാല് ഇഞ്ചോളം മഞ്ഞ് പെയ്യുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇംഗ്ലണ്ടിൽ ഇന്ന് മൈനസ് 11.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. നാളെ രാവിലെ 3 മണി മുതൽ രാത്രി 8 മണി വരെ ലണ്ടനിൽ മുഴുവനും മഞ്ഞു പെയ്യാൻ വളരെ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകി കഴിഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ പ്രവചിക്കുന്നുണ്ട്. നിലവിലെ സാഹചര്യം മൊബൈൽഫോൺ നെറ്റ് വർക്കുകളെയും മറ്റും ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ലണ്ടൻ, എസ്സെക്സ്,നോർഫോക്, സസ്സെക്സ്, കെന്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

ഇതിനിടെ വാക്സിൻ വിതരണത്തെ മോശം കാലാവസ്ഥ ബാധിക്കുമെന്നാണ് നിഗമനം. എന്നാലും കാലാവസ്ഥയെ അവഗണിച്ച് വാക്സിൻ വിതരണം സുഗമമായ രീതിയിൽ നടത്താൻ അധികൃതർ എല്ലാവരും പരിശ്രമിക്കുന്നുണ്ട്. യാത്ര ചെയ്യുന്നവർ കർശന ജാഗ്രതപാലിക്കണമെന്ന് നിർദ്ദേശം അധികൃതർ നൽകുന്നുണ്ട്. വീടുകളിൽ ഉള്ളവർ പരിസരങ്ങളിൽ ഉള്ള മഞ്ഞ് നീക്കം ചെയ്യുവാൻ ശ്രമിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

കാലാവസ്ഥ മോശമായതിനാൽ സ്കൂളുകളും മറ്റും അടയ്ക്കുവാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് വാക്സിൻ ലഭിക്കാൻ ബുക്ക് ചെയ്തിട്ടുള്ള പ്രായമായവർ , കാലാവസ്ഥ മോശമായതിനാൽ മാറ്റി ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന പൊതുവായ നിർദേശം നൽകിക്കഴിഞ്ഞു.