ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : ഒരാഴ്ചക്കിടെ നടന്ന മൂന്ന് വധശ്രമങ്ങളെ അതിജീവിച്ചാണ് യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി യുദ്ധമുഖത്തു നിൽക്കുന്നത്. യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം മൂന്നു തവണ സെലന്‍സ്‌കിക്കു നേരെ വധശ്രമം ഉണ്ടായതായി റിപ്പോര്‍ട്ട്. ക്രെം ലിന്റെ പിന്തുണയുള്ള വാഗനര്‍ ഗ്രൂപ്പാണ് രണ്ടു തവണ പദ്ധതി ആസൂത്രണം ചെയ്തത്. റഷ്യയില്‍ തന്നെയുള്ള യുദ്ധ വിരുദ്ധര്‍ നല്‍കിയ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെലന്‍സ്‌കി വധശ്രമങ്ങളില്‍നിന്നു രക്ഷപ്പെട്ടതെന്ന് ടൈംസ് റിപ്പോർട്ട്‌ ചെയ്തു. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിലുള്ളവരാണ് വധശ്രമത്തിന്റെ വിവരം നൽകിയത്.

പദ്ധതി വിജയിച്ചാലും റഷ്യയുടെ പങ്ക് തെളിയിക്കാനാവാത്ത വിധമാണ് ഗൂഢാലോചന നടന്നത്. വാഗനര്‍ ഗ്രൂപ്പിലെ നാനൂറിലേറെ അംഗങ്ങള്‍ ഇപ്പോഴും കീവില്‍ ഉണ്ടെന്നാണ് റിപ്പോർട്ട്‌. പ്രത്യേക ദൗത്യവുമായി എത്തിയ ഇവരുടെ പക്കൽ വധിക്കേണ്ട 24 ഉന്നത ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഉണ്ട്. ഇവരെ ഇല്ലാതാക്കുക വഴി കീവിനെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. ഇതോടെ യുക്രൈന്റെ പ്രതിരോധം തകരുമെന്നാണ് റഷ്യ കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീറുറ്റ പോരാളിയാണ് സെലൻസ്കി. ഈ പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനുമാണെന്ന് പറയുമ്പോൾ സെലൻസ്കി പ്രസിഡന്റല്ല; പോരാളിയാണ്. സെലൻസ്കി നൽകുന്ന ആത്മവിശ്വാസത്തിലാണ് യുക്രൈൻ ജനത ഇന്നും പോരാടുന്നത്. റഷ്യന്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ സെലസന്‍സ്‌കിയെ കീവില്‍ നിന്ന് ഒഴിപ്പിക്കാമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സെലൻസ്കി ഇത് നിരസിച്ചു. രാജ്യത്ത് യുദ്ധം നടക്കുമ്പോൾ സുരക്ഷിത കേന്ദ്രം തേടി പോവാനില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പോരാടാൻ ഇറങ്ങിയത്.