ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കുട്ടികൾക്ക് ആസ്മയ്ക്കും ശ്വാസംമുട്ടലിനും നൽകുന്ന മരുന്നുകൾ കടുത്ത പാർശ്വഫലങ്ങൾ ഉളവാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 9 വയസ്സിന് താഴെയുള്ള കുട്ടികളിൽ 500 ലധികം പ്രതികൂല ന്യൂറോ സൈക്യാട്രിക് പാർശ്വഫലങ്ങൾ ഉണ്ടാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഈ മരുന്നുകളുടെ അപകട സാധ്യതയെ കുറിച്ച് കടുത്ത മുന്നറിയിപ്പാണ് നൽകപ്പെട്ടിരിക്കുന്നത്.
സിങ്കുലയ്ർ എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന ആസ്ത്മ മരുന്നായ മോണ്ടെലുകാസ്റ്റിൻ്റെപാക്കറ്റുകളിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ കൂടുതൽ മുന്നറിയിപ്പുകൾ ചേർക്കുമെന്ന് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസി (എം എച്ച് ആർ എ) കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഉറക്ക തകരാറുകൾ, ആക്രമണം, വിഷാദം എന്നിവ ഉൾപ്പെടുന്ന പാർശ്വഫലങ്ങളെക്കുറിച്ച് മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് അധികൃതർ ഈ നീക്കം പ്രഖ്യാപിച്ചത്. അപകടസാധ്യതകളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നേരെത്തെ നൽകിയില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത് .രോഗികളുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന എന്നും യുകെയിലെ എല്ലാ മോണ്ടെലുകാസ്റ്റ് മെഡിസിൻ പായ്ക്കുകളിലും ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികളാണ് ഞങ്ങൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത് എന്നും എംഎച്ച്ആർഎയിലെ ഡോ അലിസൺ കേവ് പറഞ്ഞു.
തെക്ക്-പടിഞ്ഞാറൻ ലണ്ടനിൽ 2018 ഫെബ്രുവരിയിൽ 14 വയസ്സുള്ള മകൻ ഹാരി ആത്മഹത്യ ചെയ്തത്തിനു പിന്നിൽ ഈ മരുന്നാണന്നാണ് കരുതപ്പെടുന്നത്. ഹാരിയുടെ പിതാവ് ഗ്രഹാം മില്ലറും അമ്മ അലിസൺ മില്ലറും പുതിയനീക്കങ്ങളെ സ്വാഗതം ചെയ്തു. ആസ്മയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് തൻറെ മകൻറെ മരണത്തിന് കാരണമെന്നാണ് ഇവർ വിശ്വസിക്കുന്നത് . മകൻറെ മരണത്തെ കുറിച്ച് പുനർ അന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ കുട്ടികൾക്ക് പ്രതികൂല പാർശ്വഫലങ്ങൾ ഉണ്ടായതായി വിശ്വസിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി ഒരു ആക്ഷൻ ഗ്രൂപ്പ് രൂപീകൃതമായിട്ടുണ്ട്. കോവിഡ് വാക്സിന്റെ കാര്യത്തിൽ എന്നപോലെ ആസ്മാ മരുന്നിന്റെ കാര്യത്തിലും കടുത്ത നിയമ യുദ്ധം നടന്നേക്കാമെന്നാണ് കരുതപ്പെടുന്നത്.
Leave a Reply