ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം പുറത്തുവന്നു. പേയാട് സ്വദേശിനിക്ക് 16 ലക്ഷം രൂപയും വട്ടിയൂർക്കാവ് സ്വദേശിനിക്ക് 4 ലക്ഷം രൂപയും ആണ് നഷ്ടമായത് . വിദേശത്ത് ജോലി ചെയ്യുന്ന ശരത് രഘു, ബിനോയ് പോൾ, ബിനോയുടെ ഭാര്യ ടീന എന്നിവർക്കെതിരെ വട്ടപ്പാറയും മ്യൂസിയം പോലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്തു.

പ്രതികൾ ഗൂഗിൾ മീറ്റിലൂടെ അഭിമുഖം നടത്തി വിശ്വാസം നേടിയതായാണ് പോലീസ് വെളിപ്പെടുത്തിയത്. വിസ മാസങ്ങൾക്കകം ലഭിക്കുമെന്ന് പറഞ്ഞ് ഇരകളിൽ നിന്ന് പണം വാങ്ങിയെങ്കിലും പിന്നീട് ഫോൺ എടുക്കാതെയായി. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവതികൾ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതികൾ വിദേശത്തുനിന്നാണ് തട്ടിപ്പ് നാടകം നടത്തിയത് എന്ന് പോലീസ് പറഞ്ഞു.

ഇത്തരത്തിലുള്ള കെയർ വിസ തട്ടിപ്പുകൾ യുകെയിലേക്കുള്ള തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് മലയാളികളിൽ നിന്ന് പണം തട്ടുന്ന പുതിയ പ്രവണതയായി വളരുകയാണ്. വിസയ്ക്കായും സ്പോൺസർഷിപ്പ് ലെറ്ററിനായും സർട്ടിഫിക്കറ്റ് ചെലവിനായും വ്യാജ ഏജൻസികൾ ലക്ഷങ്ങൾ തട്ടിയെടുത്തതായി പൊലീസിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. യുകെ ഹെൽത്ത് ആൻഡ് കെയർ വർക്കർ വിസയുടെ പേരിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ഉദ്യോഗാർത്ഥികൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.











Leave a Reply