ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാഹനത്തിൻെറ ഇൻഷുറൻസ് പോളിസിയിൽ പേരുനൽകിയ ഡ്രൈവർ ആകാതെ ഒരു കുടുംബാംഗത്തിൻ്റെയോ സുഹൃത്തിൻ്റെയോ കാർ ഓടിക്കുകയാണെങ്കിൽ, വാഹനമോടിക്കുന്നവർക്കെതിരെ £1,000 വരെ പിഴ ഈടാക്കും. യുകെയിൽ പലർക്കും അറിയാതെ പോകുന്ന ഒരു തെറ്റാണ് ഇത്. ഇത്തരത്തിൽ വാഹനത്തിൻെറ ഇൻഷുറൻസ് പോളിസിയിൽ പേരുനൽകിയ ഡ്രൈവർ അല്ലാതെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ കനത്ത പിഴ കൂടാതെ ലൈസൻസിൽ പോയന്റുകൾക്ക് വരെ കാരണമാകും.

ചില സാഹചര്യങ്ങളിൽ ഇത്തരം കേസുകളിൽ വാഹനം ഓടിക്കുന്നവർക്കും കാറിൻ്റെ ഉടമയ്ക്കും മേൽ പിഴ ചുമത്താം. റോഡ് ട്രിപ്പ്, ഫാമിലി ആക്ടിവിറ്റികൾ തുടങ്ങിയ ചെറിയ യാത്രകൾക്ക് മറ്റൊരാളുടെ കാർ വാങ്ങുകയാണെങ്കിൽ പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്. താത്കാലിക പരിരക്ഷയ്ക്കായി ഡ്രൈവറും വാഹനവും പാലിക്കേണ്ട പ്രത്യേക വ്യവസ്ഥകൾ ഉണ്ട്. അതിനാൽ തന്നെ നിലവിലുള്ള ഒരു പോളിസിയിലേക്ക് പേര് ചേർക്കുന്നത് എല്ലായ്പ്പോഴും ശരിയാവുകയില്ല. അനുചിതമായ കവറേജുമായി ബന്ധപ്പെട്ട കാര്യമായ പിഴകളെ കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ദി എക്സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.

ശരിയായ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാൽ വാഹനമോടിക്കുന്നവരുടെ ലൈസൻസിൽ എട്ട് പോയിൻ്റുകൾ വരെ ചേർക്കും. ചില കേസുകളിൽ, ഇൻഷ്വർ ചെയ്യാത്ത ഡ്രൈവർക്ക് തൻെറ കാർ ഉപയോഗിക്കാൻ നൽകിയതിന് വാഹന ഉടമയെ കോടതിയിൽ ഹാജരാക്കേണ്ടതായി വന്നിട്ടുണ്ട്. ചിലപ്പോൾ കാർ ഇൻഷുറൻസ് പോളിസി അസാധുവാകുന്നതിനും ഇത് കാരണമാകാറുണ്ട്.