ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പലിശ നിരക്ക് ഒരു ശതമാനമായി ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 2009 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗവർണർ ആൻഡ്രൂ ബെയ്‌ലിയുടെ നേതൃത്വത്തിൽ മോണിറ്ററി പോളിസി കമ്മിറ്റി രാജ്യത്തെ പലിശ നിരക്ക് 0.75 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി ഉയർത്തി. ഒമ്പതു പേരടങ്ങുന്ന കമ്മിറ്റിയിൽ ആറുപേരും പലിശനിരക്ക് ഒരു ശതമാനമായി ഉയർത്തുന്നതിനെ അനുകൂലിച്ചു. ബാക്കിയുള്ളവർ നിരക്ക് 1.25% ആയി ഉയർത്തണമെന്ന് അഭിപ്രായപ്പെട്ടു. ഡിസംബറിന് ശേഷം തുടർച്ചയായ നാലാമത്തെ വർധനയാണിത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പലിശ നിരക്ക് ഉയർത്തുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു. എന്നാൽ ഇത് സാധാരണ കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുദ്ധം മൂലം ഇന്ധനം, ഊർജ്ജം, ഭക്ഷണം എന്നിവയുടെ വില കുതിച്ചുയരുന്നതിനാൽ വർഷാവസാനത്തോടെ പണപ്പെരുപ്പം 10% കടക്കുമെന്നാണ് പ്രവചനം. പണപ്പെരുപ്പം മാർച്ചിൽ 7 ശതമാനത്തിലെത്തിയിരുന്നു. ഇതിന്റെ ഫലമായി ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കുടുംബങ്ങൾ നിർബന്ധിതരാകും. ചെറുകിട വ്യവസായങ്ങളും അതിജീവിക്കാൻ പാടുപെടുകയാണ്. അതേസമയം, ആഗോളതലത്തിൽ എണ്ണ, വാതക വിലകൾ ഉയരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് വർധിപ്പിക്കുന്നത് കാര്യമായ ഫലമുണ്ടാക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ യുകെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്നാണ് പ്രവചനം.

വരും മാസങ്ങളിൽ ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാകുമെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. യുദ്ധം മൂലം ലോകത്തിന്റെയും യുകെയുടെയും സാമ്പത്തിക വളർച്ചയിൽ ഭൗതികമായ തകർച്ച ഉണ്ടായതായി ബാങ്ക് നയരൂപകർത്താക്കൾ പറഞ്ഞു. വില വർധനയിൽ പകച്ചു നിൽക്കുന്ന മലയാളി കുടുംബങ്ങൾക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നത്.