ചെന്നൈ: വെല്ലൂരിനടുത്ത് എഞ്ചിനീയറിംഗ് കോളേജ് കാമ്പസില്‍ ഉല്‍ക്കപതിച്ച് ഒരാള്‍ മരിച്ചെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് നാസ. കഴിഞ്ഞ ശനിയാഴ്ചയാണ് ഉല്‍ക്കപതിച്ച് ഒരു ബസ് ഡ്രൈവര്‍ മരിച്ചെന്ന വാര്‍ത്ത പുറത്ത് വന്നത്. മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യമായാണ് ഇത്തരത്തില്‍ ഉല്‍ക്ക പതിച്ചുളള മരണം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് ഉല്‍ക്ക് പതിച്ചാണ് അപകടമുണ്ടായതെന്ന് അറിയിച്ചത്. ഉല്‍ക്ക പതിച്ച് മരണം സംഭവിക്കുന്നത് ലോകത്തെ ആദ്യ സംഭവമായതിനാല്‍ അന്താരാഷ്ട്ര മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിരുന്നു.
എന്നാല്‍ ഈ വാര്‍ത്ത തികച്ചും അശാസ്ത്രീയമാണെന്നാണ് വിദഗദ്ധരുടെ കണ്ടെത്തല്‍. അഞ്ച് അടി വ്യാസവും രണ്ട് അടി വീതിയുമുളള ഉല്‍ക്കയുടെ ചിത്രങ്ങളും ഈ വാര്‍ത്തയ്‌ക്കൊപ്പം പുറത്ത് വന്നു. വലിയ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് വലിയൊരു കല്ലും കണ്ടെത്തി. ഉല്‍ക്ക പതിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് മുഖ്യമന്ത്രി ജയലളിത നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. പാലീസ് നല്‍കിയ സാമ്പിള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസട്രോഫിസിക്‌സിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ച് വരികയാണ്. ഇത്തരത്തിലൊരു ഉല്‍ക്കാവര്‍ഷം സമീപ പ്രദേശത്ത് ഉണ്ടായിട്ടില്ലെന്ന് ഡീന്‍ ജി.സി. അനുപമ വ്യക്തമാക്കി.
ഇത്തരത്തില്‍ ഉല്‍ക്ക പതിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ലെന്ന് നാസയിലെ പ്ലാനറ്ററി പ്രതിരോധ ഓഫീസര്‍ ലിന്‍ഡ്‌ലെ ജോണ്‍സണ്‍ പറഞ്ഞു. റഷ്യയില്‍ രണ്ട് വര്‍ഷം മുമ്പ് ഉല്‍ക്ക പതിച്ച് ജനങ്ങള്‍ക്ക് പരിക്കേറ്റതായുളള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനുളള സാധ്യതകളും വളരെ വിരളമാണെന്ന് അവര്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ പാറക്കക്ഷണത്തിന് വെറും ഗ്രാമുകള്‍ മാത്രമാണ് ഭാരം. ഇത് സാധാരണ ഭൂമിയില്‍ കാണപ്പെടുന്ന പാറക്കക്ഷണം തന്നെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.