ന്യൂസ് ഡെസ്ക് മലയാളം യുകെ

1500 കോടിയിലധികം ചെലവഴിച്ച് നടപ്പാക്കുന്ന കേരളത്തിൻറെ സ്വപ്നപദ്ധതി കെ . ഫോൺ സംസ്ഥാനത്തുടനീളം അതിവേഗ ഇൻറർനെറ്റ് പ്രദാനം ചെയ്യും. വിതരണശൃംഖല നൽകുന്നത് സംസ്ഥാന ഗവൺമെന്റാണ് എന്നതാണ് കെ ഫോണിനെ ശ്രദ്ധേയമാക്കുന്നത്. ഇൻറർനെറ്റ് സേവനദാതാക്കൾക്ക് നിശ്ചിത വാടക നൽകി ശൃംഖല ഉപയോഗിക്കാൻ സാധിക്കും. 30000 സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുവഴി ഇൻറർനെറ്റ് എത്തിക്കാൻ സാധിക്കും.

കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്പനിക്കാണ് പദ്ധതിയുടെ നിയന്ത്രണം. കേരളത്തിലെ ഡിജിറ്റൽ വിപ്ലവത്തിൻറെ നിർണ്ണായക നാഴിക കല്ലാകുമെന്ന് കരുതുന്ന കെ . ഫോൺ പദ്ധതിയിലൂടെ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇൻറർനെറ്റ് എത്തിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.