ആരോടും ശത്രുതയും പിണക്കങ്ങളും പരിഭവവും ഇല്ലാതെ വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന വയോധിക ദമ്പതിമാരെ മുഖംമൂടി സംഘം ആക്രമിച്ചു കൊലപ്പെടുത്തിയ വാർത്ത വിശ്വസിക്കാൻ കഴിയാതെ താഴെ നെല്ലിയമ്പം. അപ്രതീക്ഷിതമായ സംഭവം നാടിനെ നടുക്കിയിരിക്കുന്നു. ചെറിയ അടിപിടി സംഭവങ്ങൾ പ്രദേശത്ത് നടക്കാറുണ്ടെങ്കിലും ഇത്തരത്തിലൊരു ക്രൂരമായ കൊലപാതകം ആദ്യമാണ്.

ശത്രുക്കൾ പോലും നമിച്ചു പോകുന്ന പ്രകൃതമായിരുന്നു ഇവരുടെയൊന്നും എങ്ങനെയാണിത് സംഭവിച്ചു എന്നുമാണ് നാട്ടുകാർ ഒന്നടങ്കം ചോദിക്കുന്നത്. വ്യാഴം രാത്രിയാണ് താഴെ നെല്ലിയമ്പം കാവടം റോഡിൽ ഭജനമഠത്തിന് സമീപം ഒറ്റപ്പെട്ട കാപ്പിത്തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിൽ തനിച്ചു താമസിക്കുന്ന റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവനെയും പത്മാവതിയെയും മുഖംമൂടി സംഘം ആക്രമിച്ചത്. കഴുത്തിനും വയറിനും കുത്തേറ്റ കേശവൻ സംഭവസ്ഥലത്തു തന്നെ മരിച്ചെങ്കിലും പത്മാവതി മാനന്തവാടി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾക്ക് ഒരുങ്ങവേയാണു മരണത്തിന് കീഴടങ്ങിയത്.

തങ്ങളെ ആക്രമിച്ചത് മുഖംമൂടി ധരിച്ച സംഘമാണെന്ന് ആക്രമണത്തിനിരയായ പത്മാവതി ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടരയോടെ അലർച്ചകേട്ട് പത്മാലയത്തിൽ എത്തിയവർ കാണുന്നത് രക്തത്തിൽ കുളിച്ച ദമ്പതികളെയായിരുന്നു. ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ മുകൾനിലയിൽ നിന്ന് എന്തോ ശബ്ദം കേട്ടുവെന്നു പത്മാവതി പറ‍ഞ്ഞു.

എന്താണെന്ന് നോക്കുന്നതിനായി കേശവൻ പടികയറി മുകൾ നിലയിലേക്ക് കയറാനൊരുങ്ങുമ്പോൾ മുഖംമൂടി ധരിച്ചവർ ഇറങ്ങി വന്നു കഴുത്തിനും വയറിനും കുത്തി വീഴ്ത്തുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ തനിക്കു നെഞ്ചിനും കഴുത്തിനും ഇടയിലായി കുത്തു കിട്ടിയെന്നു പത്മാവതി പറഞ്ഞു. സംഭവത്തിനിടെ മുറിയുടെ വാതിലിന്റെ ഓടാമ്പൽ ഇട്ടെങ്കിലും പ്രതികൾ ഓടാമ്പൽ ഊരിയാണ് പുറത്ത് പോയതെന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പത്മാവതി പറഞ്ഞിരുന്നു.

കൊല്ലണമെന്നുദ്ദേശിച്ചുതന്നെ കുത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ തോട്ടത്തിന് പിറകിൽ വയലും അതിന് പിന്നിൽ പുഴയുമാണുള്ളത്. തോട്ടത്തിന്റെ മുകൾഭാഗത്ത് താഴെ നെല്ലിയമ്പം കാവടം ടാറിങ് റോഡും. സംഭവശേഷം മുഖംമൂടി ധാരികൾ ഏതുവഴി പോയെന്ന് അറിവായിട്ടില്ല. ഡോഗ് സ്ക്വാഡിലെ പിങ്കി എത്തി ആദ്യം വീടിന് പിറകിലും പിന്നീട് റോഡ് വഴി ഇവർ വിറ്റ സ്ഥലത്തുകൂടെ സ്കൂൾ റോഡിനടുത്തു വരെ എത്തി. റോഡിൽ രക്തക്കറ എന്ന് സംശയിക്കുന്ന രണ്ടിടങ്ങളിൽ പിങ്കി മണം പിടിച്ചിരുന്നു.

കൊലപാതകത്തിനു പിന്നിൽ മോഷണമാകാൻ സാധ്യതയില്ലെന്ന് ബന്ധുവായ റിട്ട. തഹസിൽദാർ നാരായണൻ നമ്പ്യാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ രാത്രി 8 മണിയേ ആയുള്ളൂ ഈ സമയം മോഷ്ടാക്കൾ കയറാൻ സാധ്യതയില്ല. കൂടാതെ പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ഒന്നും നഷ്ടപ്പെട്ടതായി കണ്ടില്ല.

വാതിലുകൾ പൊളിച്ചിട്ടുമില്ല. ഇവരോട് ശത്രുതയുള്ളവരും അറിവിൽ ഇല്ല. കേശവന് ലഭിക്കുന്ന പെൻഷനും തോട്ടത്തിൽ നിന്ന് ലഭിക്കുന്ന ആദായവുമേ വീട്ടിലുണ്ടാകൂ. മക്കൾക്ക് സ്ഥലം വീതം വച്ച് നൽകിയിട്ടുമുണ്ട്. പൊലീസ് സമഗ്രമായി അന്വേഷിച്ചാൽ പ്രതികൾ പിടിയിലാകും എന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.