തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. മുൻപ് ഫെബ്രുവരി 25-ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുമെന്നായിരുന്നു അറിയിപ്പ്. പൊതുഅഭിപ്രായം പരിഗണിച്ച് അവധി ദിവസമായ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഉദ്ഘാടനം നടത്താനാണ് പുതിയ തീരുമാനം.
ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ ഫേസ് ഒന്നിൽ ഉൾപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ അനുവദിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിനിടെ ഗുണഭോക്താക്കൾക്ക് വീടുകളുടെ പട്ടയവും വിതരണം ചെയ്യും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി പദ്ധതി പൂർത്തിയാക്കാനായിരുന്നു സർക്കാരിന്റെ ശ്രമമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കല്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ അഞ്ചു സോണുകളിലായി ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 27-ന് മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതി വേഗത്തിൽ പുരോഗമിച്ചുവരികയാണ്. ആദ്യഘട്ടത്തിൽ സോൺ ഒന്നിൽ 115 വീടുകളും, സോൺ മൂന്നിൽ 30 വീടുകളും, സോൺ നാലിൽ 33 വീടുകളും കൈമാറാൻ തയ്യാറായി; ഇതിനായുള്ള നറുക്കെടുപ്പും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.











Leave a Reply