ന്യുസ് ഡെസ്ക് മലയാളം യുകെ
വളയൻചിറങ്ങര : എട്ട് വയസുകാരൻ അബിൻ മോൻ ഓടി നടന്നു കളിക്കുകയും പഠിക്കുകയും ചെയ്യേണ്ട പ്രായമാണ് ഇപ്പോൾ. ആറു മാസം മുൻപ് വരെ അവൻ മിടുമിടുക്കനായി ഓടി നടക്കുമായിരുന്നു . എന്നാൽ രക്താർബുദം ( ലുക്കീമിയ ) എന്ന മഹാരോഗത്തിന്റെ പിടിയിലകപ്പെട്ട് ആശുപത്രി കിടക്കയിൽ ആണ് അവൻ ഇപ്പോൾ . 24 മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന കീമോതെറാപ്പിയുടെ ക്ഷീണം അവന്റെ മനസ്സിനെയും ശരീരത്തെയും ആകെ തളർത്തിയിരിക്കുന്നു.
പെരുമ്പാവൂർ വളയൻചിറങ്ങരയിലെ , പുത്തൂരാൻ കവലയിൽ മൂന്നുപീടിയേക്കൽ വീട്ടിലെ ഷിബു വർഗീസിന്റെയും മഞ്ജുവിന്റെയും മകനാണ് അബിൻ. ലോക്ക് ഡൗൺ തുടങ്ങും മുൻപ് വരെ അബിന്റെ പപ്പ ഷിബുവിന് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ഉണ്ടായിരുന്നു. തങ്ങളുടെ എട്ട് വയസ്സുള്ള ഏക മകന് ലുക്കീമിയ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിനുശേഷം ചികിത്സയ്ക്കായി ഇറങ്ങി തിരിച്ചതാണ് പാവം മാതാപിതാക്കളായ ഷിബുവും മഞ്ജുവും . കൊറോണ മഹാമാരിയിൽ കുടുംബനാഥനായ ഷിബുവിന് ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടു.
കയ്യിൽ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ കുഞ്ഞിന്റെ ചികിത്സയ്ക്കായി ഉപയോഗിച്ചു കഴിഞ്ഞു. ആറുമാസമായി എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള അമൃത ആശുപത്രിയിൽ ചികിത്സയിലാണ് ഏക മകനായ അബിൻ. തുടർച്ചയായി നടത്തേണ്ടി വരുന്ന കീമോതെറാപ്പി മൂലം ശരീരം മുഴുവൻ ക്ഷീണിച്ചും, വായ് പൊട്ടിയും ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ ആവാത്ത അവസ്ഥയിലാണ് കുഞ്ഞ് അബിൻ. തുരുത്തിപ്പള്ളി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അബിൻ ആശുപത്രി കിടക്കയിൽ കിടന്നും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ രോഗവും ചികിത്സയും അവശനിലയിലാക്കിയ അബിന് തുടർ ചികിത്സക്കായി സന്മനസ്സുകളുടെ സഹായം വേണ്ടി വന്നിരിക്കുകയാണ്. മകനെ ബാധിച്ചിരിക്കുന്ന ബ്ലഡ്ഡ് ക്യാൻസർ ചികിത്സയ്ക്കായി ഭാരിച്ച തുകയാണ് ഈ മാതാപിതാക്കൾക്ക് കണ്ടെത്തേണ്ടി വന്നിരിക്കുന്നത് . ഈ ചികിത്സാ ചിലവുകൾ സ്വപ്നം കാണാൻ പോലും കഴിയാത്ത വലിയ തുകയായി മാറിയിരിക്കുകയാണ് ഇപ്പോൾ ഈ മാതാപിതാക്കൾക്ക് .
ഈ ക്രിസ്തുമസ്സിനെ വരവേൽക്കാനായി ഹൃദയങ്ങൾ ഒരുക്കുമ്പോൾ , അബിൻ മോന്റെ കണ്ണിലെ കുഞ്ഞു നക്ഷത്രങ്ങൾ അണയാതെ കാക്കാൻ നമ്മൾ ഓരോരുത്തരും കനിയേണ്ടി വരും. രണ്ടര വർഷം നീണ്ടു നിൽക്കാവുന്ന ഈ ചികിത്സയുടെ ചെലവുകളിൽ ഒരു കൈത്താങ്ങാവാൻ , ഈ മോന്റെ കുരുന്നു ജീവൻ രക്ഷിക്കാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം.
അബിൻ മോനേ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവന്റെ പപ്പയുടെ അക്കൗണ്ട് നമ്പരിലേയ്ക്ക് നേരിട്ട് നിങ്ങളാൽ കഴിയുന്ന സഹായം എത്തിക്കാവുന്നതാണ്.
Leave a Reply