സ്വന്തം ലേഖകൻ

കൊറോണക്ക്എതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിന്ന് നമ്മൾ അതിജീവിക്കുമെന്ന് ബ്രിട്ടീഷ് ജനതയ്ക്ക് ആത്മ ധൈര്യം പകർന്നു നൽകി എലിസബത്ത് രാജ്ഞി. ജനങ്ങൾക്ക് നൽകിയ അപൂർവ്വ സന്ദേശത്തിൽ ഈ പ്രതിസന്ധി തരണം ചെയ്യാനായി സ്വന്തം വീടുകളിൽ ഇരിക്കാനും, ഗവൺമെന്റ് നിർദ്ദേശങ്ങൾ പാലിക്കാനും രാജ്ഞി ആഹ്വാനം ചെയ്തു. മറ്റുള്ളവരെ സഹായിക്കാനായി രംഗത്തിറങ്ങിയവരെ പ്രത്യേകമായി അനുമോദിച്ചു. എല്ലാവരും വീട്ടിനുള്ളിൽ ഇരിക്കുമ്പോൾ സ്വന്തം സുരക്ഷ നോക്കാതെ സേവനത്തിന് ഇറങ്ങുന്ന സന്നദ്ധ പ്രവർത്തകർ നൽകുന്ന സേവനത്തെ പ്രത്യേകം പരാമർശിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

4, 934 പേരാണ് ഇതിനോടകം യുകെയിൽ വൈറസ് ബാധിച്ച് മരിച്ചത്. വിൻസർ കാസിലിൽ നിന്ന് നൽകിയ പ്രത്യേക അഭിസംബോധനയിൽ രാജ്യം നേരിടുന്ന പ്രശ്നങ്ങളെയെല്ലാം അഭിസംബോധന ചെയ്തു ജനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്ന രീതിയിൽ ആണ് രാജ്ഞി സംസാരിച്ചത്. 68 വർഷമായുള്ള ഭരണ പാരമ്പര്യത്തിൽ ഇത് അഞ്ചാം തവണയാണ് രാജ്ഞി ഇങ്ങനെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ഇതിനുമുമ്പ് ധാരാളം പ്രതിസന്ധികൾ നമ്മൾ തരണം ചെയ്തിട്ടുണ്ടെങ്കിലും ഇത് വളരെ പ്രത്യേകതകൾ നിറഞ്ഞതാണെന്ന് അവർ ഓർമപ്പെടുത്തി. ഒരുമിച്ച് നിന്ന് നമ്മൾ ഇതിനെ നേരിടുമെന്നും തീർച്ചയായും വിജയം നമ്മുടേതാണെന്നും രാജ്ഞി പറഞ്ഞു. നമ്മുടെ നല്ല ദിനങ്ങൾ വീണ്ടും വരും, സുഹൃത്തുക്കളെയും കുടുംബങ്ങളെയും സന്ദർശിക്കാനും, ഒപ്പമിരുന്ന് ആനന്ദ മുഹൂർത്തങ്ങൾ സൃഷ്ടിക്കാനും നമുക്ക് കഴിയും. പ്രിയപ്പെട്ടവരുമായി പിരിഞ്ഞിരിക്കുന്നത് എത്ര വേദനാജനകമാണെന്ന് തനിക്കറിയാമെന്ന് സോഷ്യൽ ഡിസ്റ്റൻസിങ്ങിനെ കുറിച്ച് 93കാരിയായ രാജ്ഞി പറഞ്ഞു. നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും, നാമെല്ലാവരും ഒരുമിച്ച് ഈ രോഗത്തെ കീഴടക്കുമെന്നും, കുറച്ച് അച്ചടക്കവും കുറെയേറെ ക്ഷമയും എല്ലാവർക്കും ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. ഈ സമയത്ത് ഓരോ വ്യക്തിയും ചെയ്യുന്നത് സ്വന്തം കുടുംബത്തിനോ രാജ്യത്തിനോ വേണ്ടി മാത്രമല്ല ലോകത്തിനു മുഴുവനും വേണ്ടിയാണെന്ന് രാജ്ഞി ഓർമിപ്പിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് പ്രശസ്ത ഗായിക വെറ ലിൻ പാടിയ,, വീ വിൽ മീറ്റ് എഗൈൻ’ നമ്മൾ വീണ്ടും കാണും എന്ന വരികൾ എടുത്തു പറഞ്ഞുകൊണ്ടാണ് ശുഭാപ്തിവിശ്വാസം സ്ഫുരിക്കുന്ന സന്ദേശം രാജ്ഞി അവസാനിപ്പിച്ചത്.രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ മാർച്ച് 27ന് കൊറോണ പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിലായിരുന്നു, എന്നാൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി രാജ്‌ഞിയുടെ സന്ദേശത്തിനു ശേഷം ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.