ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 15 ആഴ്ചകൾക്കു ശേഷമുള്ള അബോർഷനുകൾ നിയന്ത്രിക്കാനുള്ള മിസിസിപ്പി നിയമം യു എസ്‌ സുപ്രീംകോടതി അംഗീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ അബോർഷനുകൾ നിയന്ത്രിക്കുന്നത് മാതൃ മരണങ്ങൾ വർധിക്കുന്നതിന് ഇടയാക്കും എന്ന ശക്തമായ വിമർശനവുമുണ്ട്. ഡോബ് സും ജാക്ക് സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷനും തമ്മിൽ 2018 മുതൽ നിലനിൽക്കുന്ന തർക്കത്തിലാണ് കോടതി മിസിസിപ്പി നിയമം അംഗീകരിക്കാൻ സാധ്യത. 1973 ലെ സുപ്രീംകോടതി വിധി പ്രകാരം എല്ലാ സ്ത്രീകൾക്കും അബോർഷനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിയമമനുസരിച്ച് ആദ്യത്തെ മൂന്നു മാസങ്ങളിൽ അബോർഷൻ നടത്താൻ സ്ത്രീകൾക്ക് പൂർണ സ്വാതന്ത്ര്യവും, അടുത്ത മൂന്നു മാസങ്ങളിൽ നിയന്ത്രണങ്ങളോട് കൂടിയ അനുമതിയും ഉണ്ടായിരുന്നു. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം, വീണ്ടും ഉണ്ടായ വിധിയിൽ അബോർഷനുകൾ സ്ത്രീകൾക്ക് പൂർണ സ്വാതന്ത്ര്യത്തോടെ നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ 2018 ലാണ് മിസ്സിസ്സിപ്പി 15 ആഴ്ചകൾക്കു ശേഷമുള്ള അബോർഷനുകൾ നിയമവിരുദ്ധമാക്കി ബിൽ പാസാക്കിയത്.

എന്നാൽ ഈ നിയമത്തിനെതിരെ നിരവധി വിമർശനങ്ങളും, കോടതി ഹർജികളും ഉണ്ടായതോടെ ഇതുവരെ ഈ നിയമം പൂർണ്ണമായി നടപ്പിലാക്കി വരുന്നില്ല. ഇത് സംബന്ധിച്ചുള്ള വാദമാണ് സുപ്രീംകോടതി അടുത്തയിടെ കേട്ടത്. എന്നാൽ കോടതി ഈ നിയമം അംഗീകരിക്കുകയാണെങ്കിൽ അത് ഭരണഘടനാവിരുദ്ധമാണെന്ന ആരോപണങ്ങൾ നിരവധി ഭാഗത്തുനിന്നും ഉയർന്നുവരുന്നുണ്ട്. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് യു എസ്‌ സോളിസിറ്റർ ജനറൽ എലിസബത്ത് പ്രിലോഗറും ആരോപിച്ചു. മാതൃ മരണങ്ങൾ വർധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ആരോപണവും നിലനിൽക്കുന്നുണ്ട്. കോടതിവിധിയെ ആകാംഷയുടെ നോക്കിക്കാണുകയാണ് ജനങ്ങൾ.