ഗുരുവായൂര്‍ ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍ നിന്നും താലി കെട്ട് കഴിഞ്ഞിറങ്ങിയ യുവതി വരനെ ഉപേക്ഷിച്ച് കാമുകന്‍റെ കൂടെ പോകാന്‍ തുനിഞ്ഞതോടെ ക്ഷേത്ര നട കയ്യങ്കളിക്ക് സാക്ഷ്യം വഹിച്ചു . പോലിസ് എത്തി ഇരു വിഭാഗത്തിനെയും പിടിച്ച് മാറ്റിയാതോടെയാണ് സംഘര്‍ഷം ഒഴിവായത്.

ഗുരുവായൂരില്‍  വിവാഹ പന്തലില്‍ താലി കെട്ടിയ ഉടനെ വരന് താലിമാല ഊരി നല്‍കി വധു കാമുകനൊപ്പം പോയി. കൊടുങ്ങല്ലൂര്‍ മുല്ലശ്ശേരി സ്വദേശിനിയായ യുവതിയാണ് വിവാഹം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ താലിമാല ഊരി വരന് നല്‍കി അപ്പോള്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന കാമുകമൊപ്പം പോയത്.

വിവാഹം കഴിഞ്ഞ് മണ്ഡപത്തില്‍ നിന്നിറങ്ങി വരനും വധുവും ക്ഷേത്രനടയില്‍ തൊഴുതു നില്‍ക്കുമ്പോഴാണു വധു കാമുകനെ ചൂണ്ടിക്കാട്ടി ഇയാള്‍ക്കൊപ്പം പോകുകയാണെന്ന് അറിയിച്ചത്. പിന്നീട് താലിമാലയും ഊരിനല്‍കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ വരന്റെ ബന്ധു പെണ്‍കുട്ടിയെ ചെരിപ്പൂരി അടിച്ചു. ഇതോടെ വിവാഹത്തിന് വന്നവര്‍ തമ്മില്‍ കൂട്ടത്തല്ലായി.

ബന്ധുക്കളിടപെട്ട് ഒത്തു തീര്‍പ്പിന് ശ്രമിച്ചെങ്കിലും പെണ്‍കുട്ടി നിലപാടില്‍ ഇറച്ചു നിന്നു. താലി തിരിച്ചു നല്‍കിയതിനാല്‍ വരന്റെ വീട്ടുകാര്‍ നല്‍കിയ സാരിയും ഊരി നല്‍കണമെന്നു വരനും കൂട്ടരും നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ വധു അതു ബന്ധുക്കളെ ഏല്‍പ്പിച്ചു. ഇരുകൂട്ടരും ബഹളമായതോടെ മണ്ഡപത്തിന്റെ ഉടമ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇരു കൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കണമെന്നു വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമെടുക്കാമെന്ന ഉറപ്പില്‍ ഇരുകൂട്ടരും പിരിഞ്ഞുപോയി.