സുജിത് തോമസ്

പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തെക്കുറിച്ച് രണ്ട് ഐതിഹ്യ കഥകൾ നിലവിൽ ഉണ്ട്. ആദ്യത്തേത് ഇതാണ്. ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു. അവിടുത്തെ രാജാവിന്‍റെ പരദേവത ആയിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്ണന്‍. ചതുരംഗ ഭ്രാന്തന്‍ ആയിരുന്നു ചെമ്പകശ്ശേരി രാജാവ്. ഒരിക്കല്‍ മത്സരത്തിനായി അദ്ദേഹം ഒരു വെല്ലുവിളി നടത്തി. ആരും അത് ഏറ്റെടുത്തില്ല. അപ്പോൾ ഒരു സാധു മനുഷ്യന്‍ മുന്നോട്ടു വന്ന് ആ വെല്ലുവിളി ഏറ്റെടുത്തു. രാജാവ് കളിയില്‍ തോറ്റാല്‍ അറുപത്തിനാല് കളങ്ങള്‍ ഉള്ള ചതുരംഗ പലകയില്‍ ആദ്യത്തെ കളത്തില്‍ ഒരു നെന്മണി, രണ്ടാമത്തേതില്‍ രണ്ട്, മൂന്നാമത്തേതില്‍ നാല്, നാലാമത്തേതില്‍ എട്ട്, ഇങ്ങനെ ഇരട്ടി ഇരട്ടി നെല്‍മണികള്‍ പന്തയം വച്ചു. കളിയില്‍ രാജാവ് തോറ്റു. രാജ്യത്തുള്ള നെല്ല് മുഴുവന്‍ അളന്നു വച്ചിട്ടും അറുപത്തിനാലാമത്തെ കളം എത്തിയില്ല. അപ്പോള്‍ സാധു മനുഷ്യന്‍റെ രൂപത്തില്‍ വന്ന കൃഷ്ണന്‍ തനി രൂപം കാണിച്ചു. രാജാവ് ക്ഷമ ചോദിക്കുകയും. ദിവസവും പാല്‍പ്പായസം നിവേദിച്ചു കടം വീട്ടാന്‍ ആവശ്യപ്പെട്ടു കൃഷ്ണന്‍ അപ്രത്യക്ഷന്‍ ആകുകയും ചെയ്തു എന്ന് ഒരു കഥ.

ഇനി രണ്ടാമത് മറ്റൊരു കഥ കൂടിയുണ്ട്. ആനപ്രമ്പാൽ എന്ന ദേശക്കാരനായ ഒരു തമിഴ് ബ്രാഹ്മണനില്‍ നിന്ന് രാജാവ് സൈനിക ചിലവിനായി കടം വാങ്ങിയ നെല്ല് പലിശ സഹിതം മുപ്പത്തിആറായിരം പറ ആയി. അത് കൊടുക്കാന്‍ തത്കാലം രാജാവിന്‍റെ കയ്യില്‍ ഉണ്ടായിരുന്നില്ല. ഒരു ദിവസം രാജാവ് ക്ഷേത്ര ദര്‍ശനത്തിനു വന്നപ്പോള്‍ എല്ലാവരുടെയും മുന്നില്‍വച്ച്”എന്‍റെ കടം വീട്ടാതെ തേവരെ കാണരുത് ” എന്ന് ബ്രാഹ്മണന്‍ ശഠിക്കുകയും, രാജാവിന് അമ്പലത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ വരികയും ചെയ്തു. എന്നാല്‍ ചെമ്പകശ്ശേരി മന്ത്രി പാറയില്‍ മേനോന്‍ കൗശലക്കാരന്‍ ആയിരുന്നു. മുഴുവന്‍ ജനങ്ങളോടും ഉള്ള നെല്ല് കൊണ്ടുവരാന്‍ പറയുകയും, അത് ക്ഷേത്രത്തില്‍ കൂട്ടി ഇടുകയും ചെയ്തു. എന്നിട്ട് ഉച്ച ശീവേലിക്ക് മുന്‍പ് അതെടുത്തു കൊണ്ട് പോകാന്‍ ബ്രാഹ്മണനോട് ആജ്ഞാപിച്ചു. ഒരു ചുമട്ടുകാരും എടുക്കാന്‍ വരരുത്. വന്നാല്‍ തല കാണില്ല എന്ന് രഹസ്യ നിര്‍ദേശവും കൊടുത്തു. ബ്രാഹ്മണന്‍ പലരെയും സമീപിച്ചു. ആരും അടുത്തില്ല. അവസാനം കൊണ്ടുപോകാന്‍ നിവൃത്തി ഇല്ലാതെ ക്ഷേത്രത്തിലേക്ക് പാൽപ്പായസത്തിനായി ദാനം ചെയ്യുകയും അതിന്‍റെ പലിശ കൊണ്ട് ദിവസവും പാല്‍പ്പായസം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു .

പ്രസിദ്ധമായ അമ്പലപ്പുഴ പാൽപായസം അതിന്റെ തനിമ ഒട്ടും ചോരാതെ തന്നെ എന്നാൽ ചില പുതുമകളുമായി മലയാളം യുകെയുടെ വായനക്കാർക്കായി സുജിത് തോമസ് അവതരിപ്പിക്കുന്നു

ചേരുവകൾ

നുറുക്ക് ഗോതമ്പ് – അരക്കപ്പ്

ചൗവ്വരി – കാൽ കപ്പ്

പഞ്ചസാര – ഒരു കപ്പ്

പാൽ – നാല് കപ്പ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളം – ഒരു കപ്പ്

ഉപ്പ് – ഒരു നുള്ള്

ബീറ്റ്റൂട്ട് – ചെറുത് ഒന്ന്

പാകം ചെയ്യുന്ന വിധം

നുറുക്ക് ഗോതമ്പും ചൗവ്വരിയും നന്നായി കഴുകി പ്രത്യേകം പാത്രങ്ങളിൽ മൂന്ന്, നാല് മണിക്കൂർ കുതിർക്കുവാൻ വയ്ക്കുക. കുതിർത്തതിന് ശേഷം പ്രഷർ കുക്കറിൽ ചൗവ്വരിയും ഗോതമ്പും പാലും പഞ്ചസാരയും വെള്ളവും ഒരുമിച്ച് ചേർത്ത് ഇളക്കി ചൂടാക്കണം. ഈ മിശ്രിതം നന്നായി ചൂടായി കഴിയുമ്പോൾ പ്രഷർകുക്കർ അടച്ചു വച്ച് മീഡിയം തീയിൽ ഒരു വിസിൽ പോലും വരാതെ ചെറിയ തീയിൽ അരമണിക്കൂർ വേവിക്കണം. ശേഷം കുക്കർ അര മണിക്കൂർ ഓഫാക്കി വയ്ക്കണം. ഈ സമയത്ത് ബീറ്റ്റൂട്ട് നന്നായി തൊലി കളഞ്ഞ് ചെറുതായി ഗ്രൈൻ്റ് ചെയ്ത് എടുക്കണം. പിന്നീട് ഒരു പാനിൽ ഈ ബീറ്റ്റൂട്ട് വേവിക്കണം. ഒരു മീഡിയം വേവ് ആകുമ്പോൾ അതിലേക്ക് കാൽ ടീ സ്പൂൺ നെയ്യ് ചേർത്ത് ഒന്നുകൂടി ചൂടാക്കി വേവിച്ചെടുക്കണം.

പിന്നീട് കുക്കറിൻ്റെ അടപ്പ് മാറ്റി വേവിച്ച ബീറ്റ്റൂട്ട് ചേർത്ത് ഒന്നുകൂടി ചൂടാക്കി ഇളക്കി എടുക്കുക. പ്രത്യേക രീതിയിലുള്ള അമ്പലപ്പുഴ പായസം റഡി

ഇതിൽ ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് എല്ലാം വേവിച്ച ശേഷമാണ്. പായസത്തിൽ ചേർത്ത പാൽ പിരിഞ്ഞു പോകാതെയിരിക്കുന്നതിനാണ് ഉപ്പ് ആദ്യം ചേർക്കാത്തത്.

സുജിത് തോമസ്