ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രോഗികൾക്ക് ജിപി വഴി അമിത വണ്ണം കുറയ്ക്കുന്നതിനായുള്ള മരുന്നുകൾ ലഭ്യമാകുന്നതിനെ പറ്റി മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇപ്പോഴിതാ ഇത്തരത്തിൽ ലഭ്യമാകുന്ന മരുന്നുകൾ ഗുരുതരമായ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഭക്ഷണം ദഹിക്കുന്നത് മന്ദഗതിയിലാക്കിയാണ് മരുന്ന് ശരീര വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്.
മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ)യുടെ റിപ്പോർട്ട് അനുസരിച്ച് മൗഞ്ചാരോ, വെഗോവി, ഒസെംപിക് എന്നിവ ഉൾപ്പെടുന്ന മരുന്നുകളുടെ ഗ്രൂപ്പ് പാൻക്രിയാസിന്റെ വീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. എം എച്ച് ആർ എയുടെ കണക്കനുസരിച്ച്, മൗഞ്ചാരോയുമായി ബന്ധപ്പെട്ട് 181 അക്യൂട്ട് അല്ലെങ്കിൽ ക്രോണിക് പാൻക്രിയാറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അഞ്ചു പേർക്ക് രോഗം വന്നതിന് പിന്നാലെ ജീവൻ നഷ്‌ടമായി. വെഗോവിയും ഒസെംപിക്കും ഉപയോഗിച്ചത് മൂലം 113 പാൻക്രിയാറ്റിസ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
അമിത വണ്ണം മൂലമുള്ള കൂടുതൽ ആരോഗ്യപ്രശനമുള്ളവർക്കായിരിക്കും തുടക്കത്തിൽ മരുന്ന് നൽകി തുടങ്ങുന്നത്. ബോഡി മാസ് ഇൻഡക്സ് (BMI) സ്കോർ 40 ൽ കൂടുതലുള്ളവർക്കും, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കുറഞ്ഞത് നാല് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ആണ് തുടക്കത്തിൽ മരുന്ന് നൽകുന്നത്. യുകെയിലെ ഏകദേശം 1.5 ദശലക്ഷം ആളുകൾ ഇതിനകം തന്നെ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവ സ്പെഷ്യലിസ്റ്റ് വെയ്റ്റ് ലോസ് സർവീസസ് വഴിയോ സ്വകാര്യ കുറിപ്പടി വഴിയോ ആണ് ആവശ്യക്കാർക്ക് നൽകുന്നത്. ഒസെംപിക്, വെഗോവി, മൗഞ്ചാരോ തുടങ്ങിയ ശരീര ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നത് വഴി ജനിതക സവിശേഷതകൾ പാൻക്രിയാറ്റിസ് വരാനുള്ള സാധ്യതയെ കുറിച്ച് MHRA-യും ജിനോമിക്സ് ഇംഗ്ലണ്ടും അന്വേഷിച്ച് വരികയാണിപ്പോൾ.
Leave a Reply