ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഷെറിന്‍ മാത്യൂസ് എന്ന മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപര്യന്തം. 2017 ഒക്‌ടോബറില്‍ നടന്ന സംഭവത്തില്‍ അമേരിക്കന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ദത്തുപുത്രിയെ കൊന്നു കലുങ്കിനടിയില്‍ ഒളിപ്പിച്ചു എന്നാണ് കേസ്. മാനസീക പ്രശ്നങ്ങളെ തുടര്‍ന്ന് കുട്ടിയെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്.
ഡാലസ് ജില്ലാക്കോടതിയാണ് ശിക്ഷ വിധിച്ചത്. ഷെറിൻ മാത്യൂസ് ഡാളസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് വൻവാർത്താപ്രാധാന്യം നേടിയിരുന്നു. കുട്ടിയെ റിച്ചഡ്സണിലെ വീട്ടിൽനിന്നു കാണാതാകുകയും പിന്നീട്, വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ വെസ്‌ലിയെയും ഭാര്യ സിനിയെയും (35) പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഉപേക്ഷിച്ച കുറ്റമാണ് സിനിയുടെ മേൽ ചുമത്തിയത്. എന്നാല്‍ തെളിവിന്റെ അഭാവത്തില്‍ സിനിയെ വിട്ടയച്ചിരുന്നു.
മൂന്ന് വയസ്സുള്ള ഷെറിനെ വീട്ടിൽ ഒറ്റയ്ക്കാക്കിയശേഷം 4 വയസ്സുള്ള സ്വന്തം പുത്രിയുമായി ഭക്ഷണം കഴിക്കാൻ പുറത്തുപോയെന്നാണ് ദമ്പതികൾ ആദ്യം പറഞ്ഞത്. പാലു കുടിക്കാതിരുന്നതിന് പുലർച്ചെ മൂന്നിന് വീട്ടിനു പുറത്ത് നിർത്തിയെന്നും പിന്നീടെത്തിയപ്പോൾ കണ്ടില്ലെന്നും മാറ്റിപ്പറഞ്ഞു. പാൽ കുടിച്ചപ്പോൾ ശ്വാസം മുട്ടലുണ്ടായി മരിച്ചുവെന്നും മൃതദേഹം വീടിനടുത്തുള്ള കലുങ്കിനടയിൽ കൊണ്ടിടുകയായിരുന്നുവെന്നുമായിരുന്നു ഒടുവില്‍ വെസ്ലി പോലീസിനോട് പറഞ്ഞത്. ശിക്ഷയുടെ കാഠിന്യം കുറച്ചുകിട്ടാന്‍ മലയാളി യുവാവ് കഴിഞ്ഞ ദിവസം കുറ്റം സമ്മതിക്കുകയും ചെയ്തു.
ആന്തരികാവയങ്ങള്‍ പുഴുക്കള്‍ തിന്നു തീര്‍ത്ത ശേഷമാണു മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തിയതെന്നും അതിനാല്‍ തന്നെ മരണ കാരണം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ വിചാരണയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. പാല് ശ്വാസകോശത്തില്‍ ചെന്നാണ് മരണമെന്ന വെസ്ലിയുടെ വാദം ഉറപ്പിക്കാനാകില്ലെന്നായിരുന്നു ഡോക്ടര്‍ എലിസബത്ത് പറഞ്ഞത്.
പൂര്‍വകുറ്റകൃത്യ പശ്ചാത്തലമില്ലെന്നും പ്രതി സമൂഹത്തിനു ഭീഷണിയല്ലെന്നും വെസ്ലിയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. വിചാരണയില്‍ വെസ്ലിയുടെ ഭാര്യ സിനിയും സന്നിഹിതയായിരുന്നു. അമേരിക്കന്‍ മലയാളിയായ മാത്യൂസും ഭാര്യ സിനിയും എറണാകുളം സ്വദേശികളാണ്. ബീഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നായിരുന്നു ഇവര്‍ കുട്ടിയെ ദത്തെടുത്തത്.
Leave a Reply