ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെ പാചകക്കാരന് ശബരിമല പ്രസാദവും സ്വന്തമായി വരച്ച ശാസ്താവിന്റെ ചിത്രവും സമ്മാനിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ വൈദികന്‍. അയ്യപ്പഭക്തനായ വാവന്നൂര്‍ ശേഖരത്തു വീട്ടില്‍ മോഹന്‍ദാസിന് ഫാ.വര്‍ഗീസ് ലാലാണ് താന്‍ വരച്ച ശബരിമല ശാസ്താവിന്റെ ചിത്രവും പ്രസാദവും ക്രിസ്മസ് സമ്മാനമായി നല്‍കിയത്.

എല്ലാ മണ്ഡലകാലത്തും ശബരിമലയ്ക്ക് പോകാറുള്ള മോഹന്‍ദാസ് ഇത്തവണ കൊവിഡ് മൂലം യാത്ര മുടങ്ങിയ സങ്കടത്തിലായിരുന്നു. 61 കാരനായ മോഹന്‍ദാസ് 20 വര്‍ഷം മുന്‍പാണ് കുന്നംകുളം ഭദ്രാസന ആസ്ഥാനത്ത് പാചകക്കാരനായി എത്തിയത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അടക്കമുള്ളവരുടെ മനസ്സറിഞ്ഞ് ഭക്ഷണം വിളമ്പുന്ന മോഹന്‍ദാസ് വ്രതകാലത്തു ബിഷപ് ഹൗസില്‍ നിന്ന് തന്നെയാണ് കഴിക്കാറുള്ളത്.

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അഭിഷേകം ചെയ്ത നെയ്യ്, അരവണ, അപ്പം തുടങ്ങിയവ കൊണ്ടു വരും. കഴിഞ്ഞ 12 വര്‍ഷമായി ഫാ. വര്‍ഗീസ് ലാലിനും ഇതു ലഭിക്കാറുണ്ട്. കോട്ടയത്ത് താമസിക്കുന്ന ഫാ. വര്‍ഗീസ് ലാല്‍ കുന്നംകുളം ഭദ്രാസനത്തില്‍ വൈദിക സേവനത്തിന് എത്തിയ കാലം മുതല്‍ മോഹന്‍ദാസുമായി പരിചയമുണ്ട്.

സഭയുടെ വെബ് മീഡിയ ചുമതലയുള്ള ഫാദര്‍ എല്ലാ ഞായറാഴ്ചയും ഇവിടെ എത്താന്‍ തുടങ്ങിയതോടെ ഇവരുടെ സൗഹൃദം ദൃഢമാവുകയായിരുന്നു. കൊവിഡ് സാഹചര്യത്തില്‍ ശബരിമല യാത്ര മുടങ്ങിയ വിഷമം പലതവണ മോഹന്‍ദാസ് ഫാ.വര്‍ഗീസ് ലാലുമായി പങ്കുവച്ചിരുന്നു. ഇതിനു പരിഹാരം കാണാന്‍ ആഗ്രഹിച്ച ഫാ.വര്‍ഗീസ് ലാല്‍ പ്രസാദം തപാലില്‍ വരുത്തി നല്‍കുകയായിരുന്നു. ഇതിനു പുറമേ തത്വമസി എന്നെഴുതി തയാറാക്കിയ അയ്യപ്പന്റെ രൂപവും സമ്മാനിക്കുകയായിരുന്നു.