ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ധന വില കുറയുന്നതുൾപ്പെടെ, ബ്രിട്ടീഷുകാർക്ക് ആശ്വാസമേകുന്ന പദ്ധതികളുമായി റിഷി സുനക്കിന്റെ മിനി ബജറ്റ്. 12 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന വേണ്ടെന്നു വെച്ചു. ഇന്നലെ വൈകിട്ട് 6 മുതൽ 2023 മാർച്ച് വരെ ഇന്ധന തീരുവ ലിറ്ററിന് 5 പെൻസ് കുറയും. വിലക്കയറ്റം തടയാൻ അതുകൊണ്ടാവും എന്നാണ് പ്രതീക്ഷ. നികുതിയുടെ അടിസ്ഥാന നിരക്ക് 2024 ആകുമ്പോഴേക്കും കുറയ്ക്കുന്നതിനുള്ള നിർദേശവും ബജറ്റിലുണ്ട്. നാഷണല്‍ ഇന്‍ഷുറന്‍സ് അടയ്ക്കാനുള്ള ശമ്പള പരിധി 3000 പൗണ്ട് വര്‍ദ്ധിപ്പിച്ച് 12,570 പൗണ്ട് ആക്കി. ജൂലായ് മാസം മുതല്‍ ഇത് നിലവില്‍ വരും.
യുക്രൈനിലെ യുദ്ധം സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് ചാൻസലർ ബജറ്റ് പ്രഖ്യാപനത്തിലേക്ക് കടന്നത്. യുകെ യുക്രൈനെ പിന്തുണയക്കുന്നത് തുടരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2024ഓടെ നികുതിയുടെ അടിസ്ഥാന നിരക്ക് പൗണ്ടിൽ 20 പെൻസിൽ നിന്ന് 19 പെൻസായി കുറയും. സോളാര്‍ പാനല്‍, ഹീറ്റ് പമ്പ്, ഇന്‍സുലേഷന്‍ എന്നിവയുടെ വാറ്റ് അടുത്ത അഞ്ചുവര്‍ഷത്തേക്ക് എടുത്തുമാറ്റികൊണ്ടാണ് സാധാരണ കുടുംബങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. സോളാർ പാനൽ സ്ഥാപിക്കുന്ന കുടുംബത്തിന് 1,000 പൗണ്ടിൽ കൂടുതൽ നികുതി ലാഭിക്കാമെന്നും എനർജി ബില്ലിൽ പ്രതിവർഷം 300 പൗണ്ടിലധികം ഇളവുണ്ടാകുമെന്നും സുനക് പറഞ്ഞു.
ചെറുകിട ബിസിനസ്സുകൾക്ക് നൽകുന്ന തൊഴിൽ അലവൻസ് ഏപ്രിൽ മുതൽ 4,000 പൗണ്ടിൽ നിന്ന് 5,000 പൗണ്ടായി ഉയരും. ഇത്രയധികം പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടും ബ്രിട്ടീഷുകാരുടെ ജീവിത നിലവാരം കഴിഞ്ഞ 70 വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പോകുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റീസിന്റെ കണക്കനുസരിച്ച് 2022-23 ല്‍ ഓരോ വ്യക്തിയുടെയും ചെലവാക്കാന്‍ കഴിയുന്ന വരുമാനത്തില്‍ 2.2 ശതമാനത്തിന്റെ ഇടിവുണ്ടാകും. റഷ്യയുടെ യുക്രൈൻ അധിനിവേശം മൂലമുണ്ടായ സാമ്പത്തിക ആഘാതം രാജ്യത്തെ കാര്യമായി തളർത്തിയിട്ടുണ്ടെന്ന് സുനക് പറഞ്ഞു. ജീവിത നിലവാരത്തിൽ ഏറ്റവും വലിയ തകർച്ചയാണ് ബ്രിട്ടീഷുകാർ ഇപ്പോൾ നേരിടുന്നത്.
Leave a Reply