ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ജോലിചെയ്യുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ ശമ്പള പരുധി കുത്തനെ ഉയർത്തി. 2024 ഏപ്രിൽ 11 മുതലാണ് ഇത് നിലവിൽ വന്നത് . ഇനിമുതൽ യുകെയിൽ വിസ ലഭിക്കണമെങ്കിൽ 38700 പൗണ്ട് വാർഷിക ശമ്പളം ലഭിച്ചിരിക്കണം. നേരത്തെ ഇത് 26,200 പൗണ്ട് മാത്രമായിരുന്നു. ഒറ്റയടിക്ക് ശമ്പള പരുധിയിൽ 50 % വർദ്ധനവാണ് നടപ്പിൽ വരുത്തിയത്.
ആരോഗ്യം, സാമൂഹിക പരിചരണം, നാഷണൽ പേ സ്കെയിൽ ഉള്ള അധ്യാപകർ എന്നിവർക്ക് ഈ ശമ്പള പരുധിയിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ കെയർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശമ്പള പരുധി ബാധകമല്ലെങ്കിലും ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ല. യുകെയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാതെ പദ്ധതി നടപ്പിലാക്കിയതിന് രൂക്ഷമായ വിമർശനമാണ് സർക്കാർ നേരിടുന്നത്.
യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം ആളുകളും പോയന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. വിദഗ്ധ തൊഴിലാളി വിസയ്ക്ക് യോഗ്യത ലഭിക്കുന്നതിന് അപേക്ഷകർക്ക് 70 പോയിന്റ് ആണ് വേണ്ടത്. ഇംഗ്ലീഷ് സംസാരിക്കുന്നതിലൂടെയും ജോലിയിലുള്ള നൈപുണ്യത്തിലൂടെയും 50 പോയിന്റുകൾ നേടാം. ബാക്കി 20 പോയിൻറ്റുകൾ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കേണ്ടത്. സ്കിൽഡ് വിസയ്ക്കുള്ള ഫീസ് 719 പൗണ്ടിനും 1500 പൗണ്ടിനും ഇടയിലാണ്.
കുടിയേറ്റം കുറയ്ക്കുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങളിൽ തദ്ദേശീയരെ നിയമിക്കുന്നതിനായാണ് പുതിയ കുടിയേറ്റ നയം നടപ്പിലാക്കിയത് . കഴിഞ്ഞവർഷം 3 ലക്ഷം പേരാണ് ഈ വിഭാഗത്തിൽ യുകെയിൽ എത്തിയത്. ഈ വർഷം യുകെയിലെത്തുന്ന തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പല കമ്പനികളും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം അവർക്ക് ശമ്പളം കുറച്ചു കൊടുത്താൽ മതി എന്നതായിരുന്നു . എന്നാൽ അടിസ്ഥാന ശമ്പള പരുധി ഉയർത്തിയതിലൂടെ വിദേശ തൊഴിലാളികൾക്ക് കുറച്ചു ശമ്പളം കൊടുത്ത് കൂടുതൽ ലാഭം കൊയ്യാം എന്ന കമ്പനികളുടെ പഴയകാല സമീപനം തുടരാനാവില്ല. തത്ഫലമായി കമ്പനികൾ തദേശീയരായ ബ്രിട്ടീഷുകാർക്ക് ജോലി കൊടുക്കാൻ നിർബന്ധിതരാകും എന്നാണ് ഗവൺമെൻറ് കണക്കു കൂട്ടുന്നത്. ചുരുക്കം പറഞ്ഞാൽ ഇനി തദേശീയരായ തൊഴിലാളികൾ ഇല്ലെങ്കിൽ മാത്രമേ വിദേശികൾക്ക് യുകെയിൽ ജോലി ലഭിക്കുകയുള്ളൂ.
ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റം കുറയ്ക്കാൻ ഒട്ടേറെ നടപടികളാണ് കഴിഞ്ഞവർഷം സർക്കാർ നിലവിൽ കൊണ്ടുവന്നത്. കുതിച്ചുയരുന്ന കുടിയേറ്റത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും ഉയർന്നു വന്നിരുന്നത്. കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ ഏറ്റവും കൂടുതൽ ബാധിച്ചത് മലയാളികളെയാണ്. പുതിയ നയങ്ങൾ നടപ്പിലാക്കി തുടങ്ങിയതോടെ കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും യുകെയിൽ എത്തുന്ന മലയാളികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.
Leave a Reply