ഫാ. ബിജു കുന്നയ്ക്കാട്ട്

അഭ്രപാളിയിലെ പുതിയ അതിശയമാണ് ‘ബാഹുബലി 2’ എന്ന സിനിമ. കലാസ്വാദകരുടെ മനസില്‍ ഏറ്റവും സ്വാധീനമുള്ള കലാരൂപങ്ങളില്‍ ഒന്നാണ് സിനിമയെന്നിരിക്കെ, ആസ്വാദകര്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറത്തുള്ള ഒരു ‘വിഷ്വല്‍ ട്രീറ്റ്’ ആയി മാറിയിരിക്കുന്നു ഈ വമ്പന്‍ ബിഗ് ബഡ്ജറ്റ് ചിത്രം. ഈ സാമ്പത്തിക കാര്യങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചാവിഷയം. മുടക്കിയ നാനൂറ്റമ്പതു കോടി, കിട്ടിയ 1200 കോടി, താരങ്ങളുടെ പ്രതിഫലം എന്നിങ്ങനെ നീളുന്നു ആ ചര്‍ച്ചകള്‍. ഇതേത്തുടര്‍ന്ന് ഇപ്പോള്‍ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ പലതും പണിപ്പുരയിലാണ്. 1000 കോടി മുടക്കുന്ന രണ്ടാമൂഴം, 500 കോടി മുടക്കി മൂന്ന് ഭാഗങ്ങളായി തെലുങ്കില്‍ നിര്‍മ്മിക്കുന്ന രാമായണം…. വടി വെട്ടാന്‍ പോയിട്ടേയുള്ളൂ!

പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനപ്പുറം നല്‍കാന്‍ സാധിക്കുന്നതാണ് പല സിനിമകളുടെയും വിജയ രഹസ്യങ്ങളിലൊന്ന്. ബാഹുബലി 2 എന്ന ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്ന പല രംഗങ്ങളും സാമാന്യബുദ്ധിയില്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെങ്കിലും സിനിമാ ആസ്വാദനത്തെ തൃപ്തിപ്പെടുത്താനുതകുന്ന അസാമാന്യ അവതരണ ശൈലി ഈ കുറവെല്ലാം മറികടക്കുകയാണ്. രംഗസജ്ജീകരണങ്ങളും വേഷ സംവിധാനങ്ങളും ഭാവനകള്‍ക്കപ്പുറമുള്ള കായിക പ്രകടനങ്ങളും പുരാണ രാജഭരണകാലത്തിന്റെ വശ്യതയുമെല്ലാം ഈ ബ്രഹ്മാണ്ഡ സിനിമയുടെ വിജയത്തിനു നിറക്കൂട്ടുചാര്‍ത്തി. തന്റെ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പടവെട്ടിയും, രാജാവാകാനുള്ള അവസരം നഷ്ടപ്പെടുമ്പോഴും പ്രാണപ്രേയസിക്ക് നല്‍കിയ വാക്കില്‍ ഉറച്ച് നിന്ന് മഹാബലിയെപ്പോലെ സത്യസന്ധത കാത്തുമൊക്കെ ധാര്‍മ്മിക ഗുണങ്ങളുടെ നല്ല സന്ദേശങ്ങളും ഈ സിനിമ പറയുന്നുണ്ട്.

1200 കോടിയിലധികം രൂപ റിക്കാര്‍ഡ് കളക്ഷന്‍ നേടി ഇപ്പോഴും ഈ സിനിമ തകര്‍ത്തോടുമ്പോള്‍ ഇതിന്റെ പിന്നാമ്പുറ വിശേഷങ്ങളും ഇപ്പോള്‍ ചര്‍ച്ചയാവുന്നു. മൂന്ന് മണിക്കൂര്‍ കൊണ്ട് ഈ സിനിമ കണ്ടുതീര്‍ക്കാമെങ്കിലും ഈ മൂന്ന് മണിക്കൂര്‍ ആസ്വാദകര്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണത്തക്കവിധം നിര്‍മ്മിച്ചെടുക്കാന്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ ചിലവിട്ടത് വര്‍ഷങ്ങളാണ്. നായക നടന്‍ പ്രഭാസ് അഞ്ചുവര്‍ഷമാണ് ഈ സിനിമയ്ക്ക് വേണ്ടി മാത്രമായി മാറ്റി വച്ചത്. മറ്റു കഥാപാത്രങ്ങളുമെല്ലാം തങ്ങളുടെ റോളിന്റെ പ്രാധാന്യത്തിനനുസരിച്ചുള്ള സമയം ഇതിനുമാത്രമായി നീക്കിവെച്ചു. സിനിമയുടെ വമ്പന്‍ വിജയത്തെത്തുടര്‍ന്ന് സംവിധായകന് 28 കോടിയും നായകന് 25 കോടിയും പ്രതിഫലം ലഭിച്ചുവെങ്കിലും ഈ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന പല അവസരങ്ങളിലും ചില്ലിക്കാശു കയ്യിലില്ലാതെ, മറ്റൊരു വ്യക്തിയോടും കടം വാങ്ങാതെ പ്രഭാസ് ബുദ്ധിമുട്ടിന്റെ കാലത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്ന് ഈയിടെ വാര്‍ത്തകള്‍ പുറത്തുവന്നു. മോഹന്‍ലാല്‍ നായകനായി, ”ഭീമനായി” വേഷമിടുന്ന മഹാഭാരതകഥ സിനിമാരൂപത്തിലാക്കുന്ന ‘രണ്ടാമൂഴ’ത്തിന്റെ അഭിനയത്തിനായി രണ്ടര വര്‍ഷം മറ്റൊരു സിനിമയിലും അഭിനയിക്കാതെ ഇതിനായി മാറ്റി വെച്ചിരിക്കുന്നതായി മോഹന്‍ലാലും വെളിപ്പെടുത്തിയിരിക്കുന്നു.

ഈ സിനിമാവിശേഷങ്ങളുടെ പിന്നാമ്പുറ വാര്‍ത്തകള്‍ ചില നല്ല സന്ദേശങ്ങള്‍ കൂടി പങ്കുവെയ്ക്കുന്നുണ്ട്. അസാധാരണ വിജയങ്ങള്‍ അസാധാരണ ഒരുക്കങ്ങള്‍ കൂടിയേ തീരൂ. ഏറെപ്പേരുടെ ഒരുമിച്ചുള്ള കഠിനാധ്വാനം വലിയ വിജയം നേടിയെടുത്തു. ഒരു വലിയ ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി കഠിനമായി അധ്വാനിക്കാനുള്ള മനസ്സുണ്ടാവുക എന്നതാണ് പ്രധാനം. ‘There are no shortcuts to success’ അസാധ്യമെന്നു തോന്നുന്നതൊക്കെ ജീവിതത്തില്‍ ആരെങ്കിലും നേടിയെടുത്തിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ കാരണം അവരുടെ നിതാന്ത പരിശ്രമം തന്നെയാണ്. വഴുക്കലുള്ള പാറയിലൂടെ പിടിച്ചുകയറാന്‍ ശ്രമിച്ച് നൂറിലേറെ തവണ പരാജയപ്പെട്ട മഹേന്ദ്ര ബാഹുബലിയെ കൂട്ടുകാര്‍ കളിയാക്കി ചിരിക്കുന്ന ഒരു രംഗമുണ്ട് ബാഹുബലി എന്ന സിനിമയില്‍. എന്നാല്‍ ആ കൂട്ടുകാര്‍ നോക്കി നില്‍ക്കെത്തന്നെ മനസ്സുമടുക്കാതെയുള്ള തന്റെ കഠിന പരിശ്രമത്തിലൂടെ അദ്ദേഹം ആ കൂറ്റന്‍ പാറയുടെ മുകളിലെത്തുന്നു.

വലിയ വിജയങ്ങള്‍ക്ക് നൂറ് ശതമാനം ആത്മാര്‍പ്പണവും (Commitment) കൂടിയേ തീരൂ. ചെയ്യുന്ന കാര്യത്തോട് അടങ്ങാത്ത ആവേശവും താല്‍പര്യവും (Passion) വേണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെ സമയമെടുത്താണ് ഈ സിനിമ പൂര്‍ത്തിയാക്കിയതെന്നു പറയുമ്പോള്‍ത്തന്നെ, അതിനോട് അതിന്റെ പ്രവര്‍ത്തകര്‍ കാണിച്ച ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും മനസിലാവും. ഏതു രംഗത്തും ഈ ആവേശം (Passion) ആവശ്യമാണ്. ക്രിക്കറ്റ് കളിക്കാനുള്ള കഴിവുമാത്രമല്ല, ആ കളിയോടുള്ള അടങ്ങാത്ത ആവേശവുമാണ് ‘വിരാട് കോഹ്ലി’യെന്ന 28 കാരനെ (ഇന്ത്യന്‍ ക്യാപ്റ്റനാകുമ്പോള്‍ 25 വയസ്സുമാത്രം) ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ചതെന്ന് മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയുടെ സാക്ഷ്യം. ക്രിക്കറ്റിന്റെ മറ്റൊരു രാജാവ് സച്ചിന്‍ ടെണ്ടുല്‍ക്കറും കായികലോകം കീഴടക്കിയത് ഈ കഠിനാധ്വാനത്തിലും ആത്മാര്‍പ്പണത്തിന്റെയും വഴികളിലൂടെത്തന്നെയാണ്.

വലിയ വിജയങ്ങളുടെ മാധുര്യം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യം വലിയ ‘റിസ്‌ക്’ എടുക്കാനുള്ള തീരുമാനം കൂടിയാണ്. ഭീമമായ ഒരു സംഖ്യ ഒരു സിനിമയ്ക്കായി മുടക്കുമ്പോള്‍ തീര്‍ച്ചയായും അതേക്കുറിച്ച് സാധ്യമായ എല്ലാ പഠനങ്ങളും നടത്തിയിട്ടു തന്നെയായിരിക്കും. എങ്കിലും വിജയം നൂറുശതമാനം ആര്‍ക്കും ഉറപ്പിക്കാനാവില്ല. ഇവിടെ റിസ്‌ക് എടുക്കുന്നയാളിന്റെ മനോബലം കൂടിയാണ് തെളിവാകുന്നത്. ചില വിജയങ്ങള്‍ എത്തിപ്പിടിക്കാന്‍ സുദൃഢമായ ഒരു തീരുമാനത്തിന്റെയും ആ തീരുമാനത്തില്‍ നിന്നു മാറാതെ ഉറച്ചുനില്‍ക്കാനുള്ള മനോബലത്തിന്റെയും അത്യാവശ്യമുണ്ട്. ക്രിയാത്മകമായും പോസിറ്റീവായും ചിന്തിക്കുകയും കഠിനാധ്വാനത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും സ്വന്തം പങ്ക് (Input) നല്‍കുകയും പ്രതിബന്ധങ്ങളിലോ കാലതാമസത്തിലോ തളരാതെ തീരുമാനിച്ചുറച്ച മനസോടെ മുമ്പോട്ടു പോകുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങളെ ദൈവവും അനുഗ്രഹിക്കും.

ചില സന്ദേശങ്ങള്‍ കൈമാറുന്നതിനും ചില കാര്യങ്ങള്‍ ആസ്വദിക്കുന്നതിനും ഭാഷ ഒരു തടസ്സമല്ല. ഈ പ്രത്യേകത വെളിവാക്കപ്പെടുന്ന ഒരു പ്രധാന വേദി കലാരൂപങ്ങളാണ്. ലോകമെമ്പാടും പ്രദര്‍ശനം നടക്കുന്നെങ്കിലും വലിയ ജനത ഇതിന് ആസ്വാദകരായി എത്തുന്നെങ്കിലും ഭാഷയ്ക്കതീതമായ കലാസ്വാദനം ‘ബാഹുബലി’ എന്ന സിനിമയില്‍ ജനം കാണുന്നു. കഠിനാധ്വാനത്തിന്റെയും നിരവധി പേരുടെ ആത്മാര്‍പ്പണത്തിന്റെയും നല്ല കലയോടുള്ള ആവേശത്തിന്റെയും റിസ്‌ക് എടുക്കാന്‍ കാണിച്ച ധൈര്യത്തിന്റെയും വിജയം കൂടിയാണിത്.

‘ബാഹുബലി 2’ ഗംഭീര വിജയമായതുപോലെ ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ‘മലയാളം യുകെ’യും ‘2’ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. അഭിനന്ദനങ്ങള്‍ നേരുന്നു, അണിയറ പ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും മൂല്യങ്ങളില്‍ ‘അടിയുറച്ച്, ‘സത്യങ്ങള്‍ വളച്ചൊടിക്കാതെ’ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാനും കാലത്തിനു ദിശപകരാനും ഭാവിയിലേക്കു തുറന്നിരിക്കുന്ന ‘കണ്ണുകളാ’യിരിക്കാനും ഈ വാര്‍ത്താ മാധ്യമത്തിനു സാധിക്കട്ടെ. ”കണ്ണാണ് ശരീരത്തിന്റെ വിളക്ക്; കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും; കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ട് പോകും”. (ലൂക്കാ : 11: 34)

കഠിനാധ്വാനത്തിലൂടെ ജീവിത വിജയം നേടാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.