കഴിഞ്ഞ പ്രളയത്തിന് മക്കളെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വിദേശത്ത് നിന്ന് വിളിച്ച വീട്ടമ്മ ഇത്തവണ അരി ചോദിച്ചപ്പോള്‍ ബ്ലോക്ക് ചെയ്തു; അനുഭവം വിവരിച്ച് പുരോഹിതന്‍
ആറന്‍മുള: രണ്ട് പ്രളയ കാലഘട്ടങ്ങളിലെ വ്യത്യസ്തമായ അനുഭവം പങ്കുവച്ച് ക്രിസ്ത്യന്‍ പുരോഹിതന്‍. കഴിഞ്ഞ പ്രളയകാലത്ത് സഹായം ചോദിച്ച് വിളിച്ച വീട്ടമ്മ ഇത്തവണ താന്‍ സഹായം ചോദിച്ച് വിളിച്ചപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തുവെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതനായ ഫാ. സന്തോഷ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ തവണ വീട്ടില്‍ കുടുങ്ങിപ്പോയ മക്കളെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് ആറന്‍മുളക്കാരി വിദേശത്ത് നിന്ന് ഫാ. സന്തോഷ് ജോര്‍ജിനെ വിളിച്ചത്. അദ്ദേഹം രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും അവരെ പുറത്തെത്തിക്കുകയും ചെയ്തു. ഇത്തവണ പ്രളയമുണ്ടായപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരി ചോദിച്ചാണ് അച്ചന്‍ അവരെ ബന്ധപ്പെട്ടത്. എന്നാല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുന്ന അനുഭവമാണ് തനിക്കുണ്ടായതെന്നും അച്ചന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി.
സന്തോഷ് ജോര്‍ജ് അച്ചന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ വർഷം ആറൻമുള കാരി ഒരു ആന്റി വിദേശത്ത് നിന്ന് പത്തു പ്രാവിശ്യമെങ്കിലും എന്നെ വിളിച്ച് മകന്റെ ഭാര്യയും മകളും അവധിക്കു വന്നതാണ് .വീട്ടിൽ വെള്ളം കേറി.. അടുത്ത് ആരുമില്ല.. രക്ഷിക്കണം എന്ന് നിലവിളിച്ച് പറഞ്ഞത് കാതിൽ ഇപ്പോളും ഉണ്ട്.. രണ്ടു മണിക്കൂറിനുള്ളിൽ നമ്മുടെ രാജുച്ചായനേം ബന്നിയേം പറഞ്ഞയച്ച് അവരെ പരുമല ക്യാമ്പിൽ എത്തിച്ചു… ഈ പ്രാവിശ്യം ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരി മാത്രം ഞാൻ ചോദിച്ചു.. ഉത്തരം ഇല്ല.. ഇന്നലെ വിണ്ടും മെസേജ് അയച്ചു.. വിജയകരമായ് എന്നെ ബ്ലോക്ക് ചെയ്തു… ദൈവം നടത്തിയ വിധങ്ങളെ മറക്കുന്നതാ മനുഷ്യാ നിന്റെ മേലുള്ള കുറ്റം… അത് അത്ര പെട്ടന്ന് മാഞ്ഞു പോകില്ല… ചിരിക്കാനും ചിന്തിക്കാനും അല്ലേ ഇതൊക്കെ തരുന്ന സന്ദേശം… നിങ്ങളിത് വായിച്ച് ഒന്നു ചിരിച്ചാ മതി… എനിക്കതാ സന്തോഷം…
Leave a Reply