ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഒക്ടോബർ മാസം മുതൽ യുകെയിലെ എല്ലാ കുടുംബങ്ങൾക്കും ഊർജ്ജ ബില്ലിൽ 400 പൗണ്ട് കിഴിവ് നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. ഈ മാസം മുതൽ എനർജി ബില്ലുകളിൽ ക്രമാതീതമായ വർദ്ധന ഉണ്ടാകുന്നതിനെ തുടർന്നാണ് സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള ഈ സഹായകരമായ നടപടി. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ഊർജ വിതരണക്കാർ ഈ കിഴിവ് സ്വയമേവ നൽകുമെന്നും, ജനങ്ങൾ അപേക്ഷിക്കേണ്ടതില്ലയെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഡിസ്‌കൗണ്ട് ലഭിക്കുന്നത് സംബന്ധിച്ച് ലഭിക്കുന്ന സ്‌കാം ഇമെയിലുകളും വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്ന ടെക്‌സ്‌റ്റുകളും അവഗണിക്കണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . സർക്കാർ ഡിസ്കൗണ്ട് ഇല്ലാത്ത സാഹചര്യത്തിൽ, ശരാശരി ഗാർഹിക ഊർജ്ജ ബില്ലുകൾ ഒക്ടോബറിൽ പ്രതിവർഷം ഏകദേശം £3,500 ആയി ഉയരും. കറണ്ട് ബില്ലുകളിൽ 80% വർദ്ധനവ് രേഖപ്പെടുത്തും എന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.  അടുത്ത വർഷം, അവ ഇനിയും 6,500 പൗണ്ടായി ഉയരുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതിയിലൂടെ, ബ്രിട്ടനിലെ ഒരു സാധാരണ കുടുംബം പ്രതിവർഷം ഏകദേശം £2,500 മാത്രം നൽകിയാൽ മതിയാകും. ഈ മാസം മുതൽ അടുത്ത രണ്ട് വർഷത്തേക്ക് സാധാരണക്കാർക്ക് ഊർജ്ജ ബില്ലിൽ പ്രതിവർഷം ശരാശരി £1,000 പൗണ്ട് കുറവ് ലഭിക്കുമെന്നുള്ളതാണ് ഈ പദ്ധതിയുടെ മെച്ചം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

400 പൗണ്ട് എനർജി ബിൽ സപ്പോർട്ട് സ്‌കീമിന്റെ ഭാഗമായുള്ള ആദ്യ ഗഡുവും ഉപഭോക്താക്കൾക്ക് അവരുടെ ഒക്ടോബറിലെ വൈദ്യുതി ബില്ലിൽ ലഭിക്കും. 2022 ഒക്‌ടോബറിനും 2023 മാർച്ചിനും ഇടയിൽ ആറ് തവണകളായാണ് ഈ കിഴിവ് ലഭിക്കുന്നത്. ഇത് പണപ്പെരുപ്പം 5 ശതമാനം കുറയ്ക്കുകയും സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുകയും ചരക്കുകളുടെ വില ഉയരുന്നത് നിയന്ത്രിക്കുകയും ചെയ്യുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളമുള്ള ആളുകൾ അവരുടെ ഊർജ്ജ ബില്ലുകളെ കുറിച്ച് ഉത്കണ്ഠാകുലരായതിനാൽ , അവരെ സഹായിക്കാനാണ് തങ്ങൾ വേഗത്തിൽ പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി ലിസ് ട്രസ് പറഞ്ഞു.