ന്യൂസ് ഡെസ്ക് മലയാളം യുകെ

ജർമ്മനി :- റഷ്യയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് സംശയിക്കുന്ന ബ്രിട്ടീഷുകാരനെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു. ബെർലിനിലെ ബ്രിട്ടീഷ് എംബസിയിലാണ് ഡേവിഡ് എന്ന് പേരുള്ള ഇയാൾ ജോലി ചെയ്തിരുന്നതെന്ന് ജർമൻ ഫെഡറൽ പ്രോസിക്യൂട്ടേഴ് സ് അറിയിച്ചു. പണത്തിനു വേണ്ടി റഷ്യൻ ഇന്റലിജൻസ് വിഭാഗത്തിന് രഹസ്യമായി ഇയാൾ രേഖകൾ കൈമാറിയെന്നാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ബെർലിനു പുറത്തുള്ള പോട് സ്ഡാം നഗരത്തിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡേവിഡിന്റെ താമസസ്ഥലത്തും ജോലി സ്ഥലത്തുമെല്ലാം അധികൃതർ വിശദമായ പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്.


വളരെ ഗുരുതരമായ ഒരു സംഭവമാണ് നടന്നതെന്ന് ജർമൻ വിദേശകാര്യവകുപ്പ് വ്യക്തമാക്കി. ജർമനിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ബ്രിട്ടന്റെ വിവരങ്ങൾ ചോർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, ബ്രിട്ടന് എല്ലാ സഹായവും ജർമനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ജർമൻ വിദേശകാര്യമന്ത്രി ഹേയ് ക്കോ മാസ് വ്യക്തമാക്കി. ജർമനിയും യുകെയും ചേർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. ജർമ്മനിയിൽ വെച്ച് നടന്ന അറസ്റ്റ് സംബന്ധിച്ച് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസും സ്ഥിരീകരണം നടത്തിയിട്ടുണ്ട്. നിലവിൽ ജർമൻ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്നും, ബ്രിട്ടൻ ഇതിനോട് ചേർന്ന് സഹകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കോടതിക്ക് മുൻപിൽ ഹാജരാക്കിയ ഇയാളെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. റഷ്യയുമായുള്ള ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ വഷളാക്കുന്നതാണ് ഈ നടപടിയെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.