ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ :- ഒക്‌ടോബർ 7-ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ഭീകരർ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ പുതിയ ദൃക്‌സാക്ഷി വിവരണങ്ങൾ ഞായറാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ക്രൂരമായ യുദ്ധത്തിന്റെ തുടക്കത്തിൽ ഹമാസ് ഭീകരർ ചെറുപ്പക്കാരായ, നിരപരാധികളായ സ്ത്രീകളോട് ചെയ്യുന്നത് താൻ കണ്ട ഭയാനകമായ കാര്യങ്ങളെക്കുറിച്ച് ഒക്ടോബർ 7-ലെ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട ഒരാളാണ് തുറന്നു പറഞ്ഞിരിക്കുന്നത്. നഗ്നയാക്കാൻ വിസമ്മതിച്ച ഒരു സ്ത്രീയുടെ ശിരഛേദം ചെയ്ത തല റോഡിന് കുറുകെ ഉരുളുന്നത് താൻ കണ്ടതിന്റെയും, സൂപ്പർനോവ ഫെസ്റ്റിവലിൽ 10 ഹമാസ് ഗുണ്ടകൾ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും വെടിവെച്ച് കൊല്ലുകയും ചെയ്തതിന്റെ ഭയാനകമായ കഥകൾ വെളിപ്പെടുത്തിയിരിക്കുന്നത് ലോകമെമ്പാടുമുള്ള മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

ഹമാസ് ഗുണ്ടാസംഘം യുവാക്കളും യുവതികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ക്രൂരമായി കൊലപ്പെടുത്തുകയും മർദിക്കുകയും ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഒക്ടോബർ 7 ന് നടത്തിയ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടയാളാണ് 39 കാരനായ യോനി സാഡോൺ . മാലാഖയുടെ മുഖമുള്ള സുന്ദരികളിൽ ഒരാൾ ഹമാസിന്റെ ക്രൂരതയുടെ മുൻപിൽ ജീവനുവേണ്ടി അപേക്ഷിക്കുന്നത് തന്റെ മുൻപിൽ ഇപ്പോഴും തനിക്ക് കാണാമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ഹമാസ് ഭീകരർ അതിക്രമിച്ചു കയറി ആക്രമണം ആരംഭിച്ചത്. എന്നാൽ ഫെസ്റ്റിവലിലെ ഒരു സംഗീത വേദിയുടെ അടിയിൽ ഒളിച്ചതിനാൽ ശാരീരികമായി പരിക്കേൽക്കാതെ താൻ രക്ഷപ്പെടുകയായിരുന്നുവെന്ന് സാഡോൺ പറഞ്ഞു. തലയോട്ടിൽ വെടിയേറ്റ് ഒരു സ്ത്രീ തന്റെ മുന്നിലേക്ക് വീണാണ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് കണ്ട ഭീകരമായ ദൃശ്യങ്ങൾ തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സ്ത്രീകൾക്കെതിരെ നടത്തിയ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് വലിയ അന്വേഷണമാണ് ഇസ്രായേലി പോലീസ് ആരംഭിച്ചിരിക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങൾ ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവെന്നും ആളുകളെ ഭയപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഇപ്പോൾ വ്യക്തമാണെന്നും അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഷെല്ലി ഹരുഷ് പറഞ്ഞു. ആയിരക്കണക്കിന് മൊഴികളും ഫോട്ടോഗ്രാഫുകളും വീഡിയോ ക്ലിപ്പുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.