നടിയെ ആക്രമിച്ച കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ നടൻ ദിലീപ് 85 ദിവസങ്ങള്‍ക്ക് ശേഷം ജയിൽ മോചിതനായതോടെ ദിലീപ് ഇപ്പോള്‍ തങ്ങുന്ന സഹോദരന്‍റെ വീട്ടിലേയ്ക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. കേസില്‍ സാക്ഷി പട്ടികയിലുള്ളവരും വേണ്ടിവന്നാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരുമായ സിനിമാ താരങ്ങളും സുഹൃത്തുക്കളും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയതോടെ കേസിന്‍റെ മുന്നോട്ടുള്ള പോക്കില്‍ പോലീസിനും ആശങ്കയെന്നു റിപ്പോര്‍ട്ട് . കേസിലെ പ്രധാന സാക്ഷികളിലൊരാള്‍ ആകേണ്ട സംവിധായകനും അടുത്ത സുഹൃത്തുമായ നാദിര്‍ഷാ ഉള്‍പ്പെടെയുള്ളവര്‍ ഇതിനോടകം ആലുവ പറവൂർക്കവലയിലെ വീട്ടിലെത്തി താരത്തെ കണ്ടു കഴിഞ്ഞു . സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന ജാമ്യ വ്യവസ്ഥകളിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നിന്‍റെ ലംഘനത്തിന്‍റെ പരിധിയില്‍ വരുന്നതാണോ ഇത്തരം സന്ദര്‍ശനങ്ങള്‍ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട് .

 

ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദിലീപ് അഞ്ചരയ്ക്ക് ശേഷം പറവൂർക്കവലയിലെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ കാവ്യാമാധവനുൾപ്പെടെ ബന്ധുക്കളും സിനിമാതാരങ്ങളായ സിദ്ദിഖ്, ധർമ്മജൻ, കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, അരുൺഗോപി , നാദിര്‍ഷയുടെ സഹോദരന്‍ ഫഹദ് തുടങ്ങിയവരും ദിലീപിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു . കാവ്യയെ കെട്ടിപ്പിടിച്ചു ആഹ്‌ളാദം പങ്കുവച്ച ദിലീപ് മറ്റുള്ളവരെയും ആശ്‌ളേഷിച്ചു. അനുജന്‍റെ മകളെ എടുത്തുയര്‍ത്തി . അമ്മയും സഹോദരിയും ഉൾപ്പെടെയുള്ളവരെയും ആശ്ലേഷിച്ചു .കുടുംബാംഗങ്ങളും മധുരം വിതരണം ചെയ്താണ് സന്തോഷം പങ്കുവച്ചത്. രാമലീല കാണുന്ന കാര്യം മാധ്യമങ്ങള്‍ ചോദിച്ചപ്പോൾ നാളെ എന്നായിരുന്നു ദിലീപിന്‍റെ മറുപടി. കാത്തുനിന്ന മാധ്യമപ്രവർത്തകരോടും കൈവീശിക്കാണിച്ചെങ്കിലും കോടതിയുടെ വിലക്ക് ഉള്ളതിനാൽ താരം പ്രതികരിച്ചില്ല.

ജയിലിനു പുറത്തെന്ന പോലെ വീട്ടിനുമുന്നിലും താരത്തെ കാണാൻ കുടുംബക്കാര്‍ ഉള്‍പ്പെടെ ആരാധകർ നിറഞ്ഞിരുന്നു. ദിലീപ് ഇന്ന് മോചിതനായേക്കുമെന്ന സൂചനകൾ രാവിലെയോടെ തന്നെ പുറത്തുവന്നിരുന്നു. ഇതോടെ ആരാധകർ ഓരോ ജില്ലയിലും ആഘോഷ പരിപാടികളും മധുരപലഹാര വിതരണവും സംഘടിപ്പിക്കുകയും ചെയ്തു. പിന്നീടും ആരാധകർ താരത്തെ കാണാൻ നിന്നതോടെ വീടിന്റെ ബാൽക്കണിയിൽ കയറിയാണ് ദിലീപ് ആരാധകരെ അഭിവാദ്യം ചെയ്തത്.

കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്