പതിവിൽ നിന്ന് വ്യത്യസ്‍തമായി ഒരു കിടിലൻ ത്രില്ലർ ചിത്രവുമായി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ് പ്രിയദർശന്റെ ‘കൊറോണ പേപ്പേഴ്സ്’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങിയത്. തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘എട്ട് തോട്ടകള്‍’ എന്ന സിനിമയുടെ മലയാളം റീമേക്കാണ് കൊറോണ പേപ്പേഴ്സ്. ഫോർ ഫ്രെയിംസിന്‍റെ ആദ്യ നിർമ്മാണ സംരംഭമായ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശ്രീ ഗണേഷിന്റേതാണ് കഥ. യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഷെയ്ൻ നിഗം തിരികെയെത്തുന്നത്.

തന്റെ പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഷെയ്ൻ എത്തുന്നത്. സിദ്ധിഖിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് സിനിമയുടെ ട്രെയിലർ തുടങ്ങുന്നത്. ഷെയ്നിനൊപ്പം ഷൈൻ ടോം ചാക്കോയുടെയും സിദ്ദിഖിൻ്റെയും പ്രകടനവും ട്രെയിലറിൽ എടുത്തു കാണിക്കുന്നുണ്ട്. ഒരു കിടിലൻ ത്രില്ലർ ചിത്രം തന്നെയാണ് വരാനിരിക്കുന്നത് എന്നാണ് ട്രെയിലർ തരുന്ന സൂചന. ഷെയ്ൻ നിഗമിൻ്റെ പോലീസ് വേഷം തന്നെയാണ് ട്രെയിലറിൽ ശ്രദ്ധ നേടുന്നത്. തമിഴ് താരം ഗായത്രി ശങ്കർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, നന്ദു പൊതുവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീ ഗണേഷ് രചനയും സംവിധാനവും നിർവ്വഹിച്ച് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ ക്രൈം ത്രില്ലർ ചിത്രമാണ് 8 തോട്ടകൾ. വെല്ലപാണ്ഡ്യൻ നിർമ്മിച്ച ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ വെട്രി, അപർണ ബാലമുരളി, നാസർ, എം.എസ്. ഭാസ്കർ, മീര മിഥുൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അപർണയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്. മഹേഷിന്റെ പ്രതികാരം കണ്ട ശേഷമാണ് ശ്രീ ഗണേഷ് അപർണയെ നായികയാക്കാൻ തീരുമാനിച്ചത്. 1949-ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമായ സ്‌ട്രേ ഡോഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ ചിത്രം 2018-ൽ കന്നഡയിൽ 8MM ബുള്ളറ്റ് എന്ന പേരിലും തെലുങ്കിൽ 2021-ൽ സേനാപതി എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയ സമയം എട്ട് തോട്ടകളുടെ സംവിധായകനായ ശ്രീ ഗണേഷ് റീമേക്കിൽ സന്തോഷം പ്രകടിപ്പിച്ച് എത്തിയിരുന്നു. റീമേക്ക് സിനിമകളുടെ പോസ്റ്ററുകളിൽ യഥാർത്ഥ എഴുത്തുകാരന്റെ പേര് പൊതുവെ കാണാറില്ല. പക്ഷെ ഒരു ടെക്നീഷ്യൻ ആയതിനാൽ തന്റെ പേര് പോസ്റ്ററുകളിൽ വെക്കണമെന്ന് പ്രിയദർശൻ നിർബന്ധം പിടിച്ചിരുന്നു. ഈയൊരു കാര്യം മലയാള സിനിമാമേഖലയിൽ നിന്ന് മറ്റുള്ളവർ പഠിക്കേണ്ട ഒരു കാര്യമാണെന്നും ശ്രീ ഗണേഷ് പറഞ്ഞു. മാത്രമല്ല, തമിഴ് സിനിമയും എഴുത്തുകാർക്ക് ഇതുപോലെ അർഹിക്കുന്ന ബഹുമാനം നൽകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമ തനിക്ക് എന്നും പ്രചോദനമാണെന്നും ഓരോ സിനിമയ്ക്കും അവർ നൽകുന്ന പ്രാധാന്യവും പരസ്പരമുള്ള പിന്തുണയുമെല്ലാം തന്നെ അത്ഭുതപ്പെടുത്താറുണ്ട് എന്നും ശ്രീ ഗണേഷ് പറഞ്ഞു. മാത്രമല്ല, മലയാളസിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ തന്റെ കഥ റീമേക്ക് ചെയ്യുന്നു എന്നതും ഏറെ സന്തോഷപ്പെടുത്തുന്ന ഒന്നാണ്. സുപ്രധാനമായ ചില മാറ്റങ്ങളോടെയാകും മലയാളം പതിപ്പ് എത്തുക. അതുകൊണ്ട് തന്നെ മലയാളം പതിപ്പിനായി താൻ കാത്തിരിക്കുകയാണ്. എല്ലാം നന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീ ഗണേഷ് പറഞ്ഞു. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.