കേരളത്തിൻറെ കോവിഡ് പ്രതിരോധം പാളിയത് എവിടെയാണ്? വാർത്തയാക്കി ബിബിസി

കേരളത്തിൻറെ കോവിഡ്  പ്രതിരോധം പാളിയത് എവിടെയാണ്? വാർത്തയാക്കി  ബിബിസി
July 21 16:11 2020 Print This Article

രണ്ടു മാസം മുൻപു വരെ വൈറസിനെ നിയന്ത്രിച്ചുനിർത്തിയെന്ന് അവകാശപ്പെട്ട കേരളത്തിൽ പൊടുന്നനെയാണ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിൽ എടുത്തുപറയേണ്ട പ്രകടനമായിരുന്നു കേരളം നടത്തിയിരുന്നത്. ആ സ്ഥിതിയിൽനിന്ന് തീരദേശമേഖലയിൽ സമൂഹവ്യാപനമെന്ന തലത്തിലേക്ക് കേരളം മാറി. ഒരിക്കൽ ഉയർത്തിക്കൊണ്ടുവന്ന കേരളത്തിന്റെ ‘വിജയ കഥ’ എങ്ങനെ ഇല്ലാതായെന്ന് വിശദീകരിക്കുകയാണ് രാജ്യാന്തര മാധ്യമമായ ബിബിസി.

സമൂഹവ്യാപനം ഉണ്ടായെന്ന് ആദ്യമായി അംഗീകരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനമാണ് കേരളം. ‘വൈറസിന്റെ കുതിപ്പ് ഇപ്പോഴാണ് കേരളത്തില്‍ യഥാർഥത്തിൽ സംഭവിക്കുന്നത്. അതിർത്തികൾ അടച്ചപ്പോൾ കേരളത്തിലെ സാഹചര്യം നിയന്ത്രണവിധേയമായി നിൽക്കുകയായിരുന്നു’ – വാഷിങ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംക്രമിക രോഗ വിദഗ്ധൻ ഡോ. ലാൽ സദാശിവൻ ബിബിസി ലേഖകനോടു പറഞ്ഞു.

വുഹാനിൽനിന്ന് കേരളത്തിലെത്തിയ മെഡിക്കൽ വിദ്യാർഥിക്കാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 30 മുതൽ കേസുകളുടെ എണ്ണം വർധിക്കുകയായിരുന്നു. മാർച്ചിൽ മറ്റു സംസ്ഥാനങ്ങളിൽ വലിയതോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങി. മേയ് മാസത്തോടെ കൃത്യമായ പരിശോധന, ഐസലേഷൻ തുടങ്ങിയ മാർഗങ്ങളിലൂടെ കേരളത്തിന് പുതിയ കേസുകൾ കുറച്ചുകൊണ്ടുവരാനായി. പുതിയ കേസുകൾ ഒരെണ്ണം പോലുമില്ലാത്ത ദിവസങ്ങളും കേരളത്തിനുണ്ടായി. കേരളം ‘കർവ് ഫ്ലാറ്റൻ’ ചെയ്യുകയാണെന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. ‘വലിയ അദ്ഭുതമാണ് കേരളം നേടിയതെന്ന് ആളുകൾ പറയുന്നുണ്ടായിരുന്നു’ – പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ ജയപ്രകാശ് മുലിയിൽ പറഞ്ഞു.

എന്നാൽ അതു നീണ്ടുനിന്നില്ല. 1000 കേസുകളിലേക്ക് എത്താൻ കേരളത്തിന് 110 ദിവസങ്ങളാണ് വേണ്ടിവന്നത്. എന്നാൽ ജൂലൈ 20 ആയപ്പോഴേക്കും കേരളം 12,000 രോഗികളായിരിക്കുന്നു. 43 മരണവും റിപ്പോർട്ട് ചെയ്തു. വീടുകളിലും ആശുപത്രികളിലുമായി 1,70,000 പേരാണ് ക്വാറന്റീനിൽ കഴിയുന്നത്.

കേരളത്തിലെ കോവിഡ് കേസുകൾ വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നവയിലൊന്ന് പ്രവാസികളുടെ മടങ്ങിവരവാണ്. ഗൾഫിൽനിന്നും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽനിന്നും ലക്ഷക്കണക്കിനുപേർ കേരളത്തിലേക്കു തിരിച്ചുവന്നു. ഇന്നുവരെ ഉണ്ടായിരിക്കുന്നതിൽ 7000ല്‍ അധികം രോഗികൾക്കും യാത്രാപശ്ചാത്തലമുണ്ട്. ‘എന്നാൽ ലോക്ഡൗണ്‍ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചപ്പോൾ ജനങ്ങൾ കൂട്ടമായി കേരളത്തിലേക്കെത്തി. രോഗവുമായെത്തുന്നവരെ കയറ്റാതിരിക്കാനാവില്ല. രോഗികളാണെങ്കിലും സ്വന്തം നാട്ടിലേക്കു തിരിച്ചെത്താൻ എല്ലാ പൗരന്മാർക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. എന്നാൽ അതാണ് വലിയ വ്യത്യാസമുണ്ടാക്കിയത്.’ – തിരുവനന്തപുരം എംപി ശശി തരൂർ ബിബിസിയോടു പറഞ്ഞു.

ഗൾഫ് നാടുകളില്‍നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം കേരളത്തിലെത്തിയതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ച കാര്യവും തരൂർ കൂട്ടിച്ചേർക്കുന്നു. രോഗികളായവർക്കൊപ്പം വിമാനത്തിൽ വരുന്നവർക്കുകൂടി രോഗം പകരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞതായി തരൂർ വ്യക്തമാക്കി.

മേയ് ആദ്യം മുതൽ ഈ ജനപ്രവാഹം പ്രാദേശികമായ സമൂഹവ്യാപനത്തിനു വഴിയിട്ടെന്നാണ് വിലയിരുത്തൽ. യാത്രാ പശ്ചാത്തലം ഇല്ലാത്തവരിൽക്കൂടി രോഗം റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങി. ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട 821ൽ 640 കേസുകളും സമ്പർക്കം വഴിയാണ്. ഇതിൽ 43 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടുമില്ല.

ലോക്ഡൗണിൽ ഇളവ് അനുവദിച്ചപ്പോൾ കൃത്യമായ മുൻകരുതലുകളില്ലാതെ ജനങ്ങൾ വീടിനു പുറത്തിറങ്ങിയത് കാര്യങ്ങൾ വഷളാക്കി. ‘ഇളവ് നൽകിയപ്പോൾ കൂടുതൽ ആളുകളും ജോലിക്കു പോകാൻ തുടങ്ങുന്നതുകൊണ്ട് അശ്രദ്ധമൂലം ഒരളവു വരെ കേസുകൾ വർധിച്ചേക്കാം എന്ന് പ്രതീക്ഷിച്ചിരുന്നു. സുരക്ഷിതരായിരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്’ – വൈറസ് പ്രതിരോധ നടപടികൾക്കു സർക്കാരിന് ഉപദേശം നൽകാനുള്ള വിദഗ്ധ സമിതിയുടെ തലവൻ ഡോ. ബി. ഇക്ബാൽ ബിബിസിയോടു പറഞ്ഞു.

കേസുകൾ കുറഞ്ഞപ്പോൾ പരിശോധന കുറച്ചുവെന്ന് വിമർശകർ പറയുന്നു. ഈ നാളുകളിൽ ദിവസവും 9,000 സാംപിളുകളാണ് ടെസ്റ്റ് ചെയ്യുന്നത്. ഏപ്രിലിൽ ഇത് 663 ആയിരുന്നു. എന്നാൽ ജനസംഖ്യയുടെ ദശലക്ഷം കണക്കിൽ വച്ചുനോക്കുമ്പോൾ കേരളത്തിലെ പരിശോധനകൾ കുറവാണെന്ന് വ്യക്തമാണ്. കേസുകൾ വളരെയധികം വർധിക്കുന്ന ആന്ധ്ര പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ വച്ചുനോക്കുമ്പോൾ കേരളത്തിൽ പരിശോധന കുറവാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയെക്കാള്‍ കൂടുതൽ പരിശോധന കേരളം നടത്തുന്നുണ്ട്.

‘കേരളത്തിലെ പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതു മതിയാകില്ല. ഒരു സംസ്ഥാനവും ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധന നടത്തിയിട്ടില്ല’ – എറണാകുളം മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ വിഭാഗം തലവൻ ഡോ. എ. ഫത്താഹുദ്ദീൻ പറഞ്ഞു.

മൊത്തത്തിൽ കേരളം മികച്ച സേനവമാണ് നടത്തിയിട്ടുള്ളതെന്നാണ് മിക്ക എപ്പിഡെമിയോളജിസ്റ്റുകളും വിശ്വസിക്കുന്നത്. പോസിറ്റീവ് ആകുന്നവരുടെ എണ്ണം നോക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് കുറവാണ്. ഇന്ത്യയിലെ ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലാണ്. ആശുപത്രികളിൽ രോഗികളുടെ തള്ളിക്കയറ്റമില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച പൊജുജനാരോഗ്യ സംവിധാനം കേരളത്തിനാനുള്ളത്.

കർവ് ഫ്ലാറ്റൻ ചെയ്യുക എന്നത് ദീർഘനാളെടുത്തും പരിശ്രമിച്ചും ചെയ്യേണ്ട ജോലിയാണ്. ‘കോവിഡിനെ നേരിടുക എന്നാൽ ട്രെഡ് മില്ലിൽ സ്പീഡ് കൂട്ടി ഓടുന്നതുപോലെയാണ്. വൈറസിനെ മെരുക്കാൻ വളരെ വേഗത്തിൽ ഓടണം. അതു ശ്രമകരമാണ്. പക്ഷേ വേറേ വഴിയില്ല, ഇതു സഹിഷ്ണുതയെ പരീക്ഷിക്കും’ – വെല്ലൂർ സിഎംസിയിലെ വൈറോളജി വിഭാഗം മുൻ പ്രഫസർ ടി. ജേക്കബ് ജോൺ പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles