ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ അധിക തീരുവയാണ് ഇപ്പോൾ എല്ലാവരുടെയും പേടിസ്വപ്നമായി മാറിയിരിക്കുന്നത്. യുകെയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 10 ശതമാനം നികുതിയാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ പങ്കുവെക്കുന്ന വിവരങ്ങൾ അനുസരിച്ച് കടുത്ത ആശങ്കയിലാണ് എല്ലാവരും. യുഎസിൻറെ പുതിയ താരിഫ് നയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സ്കോച്ച് വിസ്കിയുടെ നിര്മാതാക്കളെയാണ്. യുഎസ് ആണ് പ്രധാനമായും സ്കോച്ച് വിസ്കിയുടെ മാർക്കറ്റ് എന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
പ്രതിവർഷം 971 മില്യൺ പൗണ്ട് സ്കോച്ച് വിസ്കി ആണ് യുഎസിലേയ്ക്ക് കയറ്റി അയക്കുന്നത്. ഐസ്ലേ ദ്വീപിൽ കിൽചോമാൻ ഡിസ്റ്റിലറി നടത്തുന്ന ആന്റണി വിൽസ് താരിഫുകൾ വിപണിയിൽ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് കടുത്ത ആശങ്കയിലാണ്. ഇത് വ്യവസായത്തിന് വലിയൊരു തിരിച്ചടിയാണ് എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യുഎസ് തീരുമാനത്തിൽ വന്ന മാറ്റം സ്കോച്ച് വിസ്കിയുടെ വ്യവസായത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത് എന്നാണ് പൊതുവെ എല്ലാവരും അഭിപ്രായപ്പെടുന്നത്. സിംഗിൾ മാൾട്ട് സ്കോച്ച് വിസ്കികൾക്ക് 25 ശതമാനം ലെവി യുഎസ് ഏർപ്പെടുത്തിയതിന് തുടർന്ന് 2019 -ൽ വൻ തിരിച്ചടി നേരിട്ടിരുന്നു. അന്ന് 18 മാസത്തേയ്ക്ക് വിൽപ്പനയിൽ 600 മില്യൺ പൗണ്ട് നഷ്ടം ഉണ്ടായതായി സ്കോട്ടിഷ് വിസ്കി അസോസിയേഷന്റെ കണക്കുകൾ കാണിക്കുന്നത്.
യുഎസ് താരിഫ് കൂട്ടിയതും കൊണ്ട് സ്കോച്ച് വിസ്കിയുടെ നിർമ്മാതാക്കൾ നേരിടുന്നത് വൻ വെല്ലുവിളിയാണ്. വില ഉയർത്തിയാൽ ഉപഭോക്താക്കൾ മറ്റ് ഉത്പന്നങ്ങൾ തേടി പോകും. അതുകൊണ്ടുതന്നെ ഉപഭോക്താവിന് ലഭിക്കുന്ന വിപണി വില മുൻപത്തെ പോലെ തന്നെ പിടിച്ചു നിർത്താൻ തങ്ങളാൽ ആകുന്നതെല്ലാം ചെയ്യുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. സ്കോച്ച് വിസ്കിയെ സംബന്ധിച്ചിടത്തോളം യുഎസിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടേതായ വെല്ലുവിളികൾ ഇല്ല എന്നതാണ് ഒരു പ്രത്യേകത. എന്നിരുന്നാലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയിൽ യുഎസ് ഏർപ്പെടുത്തിയ താരിഫ് മാറുമോ എന്ന ആശങ്ക ശക്തമാണ്.തൊഴിൽ ഉടമകളുടെ ദേശീയ ഇൻഷുറൻസ് വർദ്ധിപ്പിച്ച് യുകെ സർക്കാർ കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയതിനെ പുറമെയാണ് നിലവിലെ പ്രശ്നങ്ങൾ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
യുഎസിലേയ്ക്ക് സാധനങ്ങൾ കയറ്റി അയക്കുന്ന മിക്ക ഉത്പന്നങ്ങളുടെയും നിർമ്മാതാക്കളുടെ അവസ്ഥ ഇത് തന്നെയാണ്. യുഎസിൻ്റെ താരിഫ് നയം കാർ നിർമ്മാണ മേഖലയേയും വളരെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. യുഎസിലേയ്ക്ക് കയറ്റി അയക്കുന്ന വാഹനങ്ങൾക്ക് 25 ശതമാനം എന്ന പുതിയ നികുതി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു . അടുത്ത കുറെ മാസങ്ങൾക്കുള്ളിൽ കാറിന്റെ നിർമ്മാണ സാമഗ്രികൾക്കും സമാനമായ നികുതി ഏർപ്പെടുത്തും. യുകെയുടെ കാർ കയറ്റുമതിയുടെ ഏകദേശം 17 ശതമാനവും കഴിഞ്ഞവർഷം യു എസിലേയ്ക്ക് ആണ് നടന്നത്. അതുകൊണ്ടു തന്നെ ട്രംപിന്റെ പുതിയ താരിഫ് നയം കാർ നിർമ്മാതാക്കൾക്കും വൻ തിരിച്ചടിയാണ്.
Leave a Reply