ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിൽ നിന്ന് രാജ്യം കര കയറിയോ ? ഇനി ഒരു ലോക് ഡൗൺ ഭീഷണി രാജ്യം നേരിടേണ്ടി വരുമോ? കഴിഞ്ഞ കുറേ ദിവസങ്ങളിലായി ആരോഗ്യ വിദഗ്ധരുടെ ഇടയിലെ മുഖ്യ ചർച്ചാവിഷയമാണ് മേൽപ്പറഞ്ഞ ചോദ്യങ്ങൾ. ജൂലൈ -19 ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ആത്മഹത്യാപരമാണെന്ന അഭിപ്രായമായിരുന്നു നേരത്തെ ഒട്ടുമിക്ക ആരോഗ്യപ്രവർത്തകരും ശാസ്ത്രജ്ഞരും പ്രകടിപ്പിച്ചിരുന്നത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ രാഷ്ട്രീയനേതൃത്വവും ശാസ്ത്രലോകവും രണ്ടുതട്ടിൽ ആയിരുന്നു എന്ന കാര്യം പരസ്യമായ രഹസ്യമായിരുന്നു. നിയന്ത്രണങ്ങൾ പിൻവലിച്ചാൽ 5 ആഴ്ചയ്ക്കുള്ളിൽ രാജ്യം വീണ്ടും അടച്ചിടേണ്ടി വരുമെന്നാണ് ഗവൺമെൻറിൻറെ ശാസ്ത്ര ഉപദേഷ്ടാവ് ക്രിസ് വിറ്റി നേരത്തെ അഭിപ്രായപ്പെട്ടത്. നിയന്ത്രണങ്ങളുടെ അഭാവത്തിൽ പ്രതിദിന രോഗവ്യാപനം രണ്ടു ലക്ഷം വരെ ആകുമെന്ന അഭിപ്രായവും ആരോഗ്യവിദഗ്ധരുടെ ഭാഗത്തുനിന്നും ഉണ്ടായി .

എന്നാൽ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും തുടർച്ചയായ ഏഴാം ദിവസവും രോഗവ്യാപനം കുറഞ്ഞതിൻ്റെ അതിശയത്തിലാണ് ആരോഗ്യ വിദഗ്‌ധരും ശാസ്ത്രലോകവും . ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 23,511 ആണ്. തിങ്കളാഴ്‌ച ഇത് 24,950 ആയിരുന്നു . അതായത് കഴിഞ്ഞ ഏഴ് ദിവസമായി പ്രതിദിന രോഗ വ്യാപനത്തിൽ തുടർച്ചയായ കുറവാണ് യുകെയിൽ കാണിക്കുന്നത്. യു കെയിലെ കോവിഡ് തരംഗം അവസാനിച്ചോ? ഇനി സാധാരണ ജീവിതത്തിലേയ്ക്ക് ജനങ്ങൾക്ക് മടങ്ങിവരാമോ ? പൊതുസമൂഹത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങളാണിവ. പ്രതിദിന രോഗവ്യാപനം കുറയുന്നത് ആശ്വാസകരമാണെങ്കിലും സത്യാവസ്ഥ എന്താണെന്ന് നാം മനസ്സിലാക്കണമെന്ന് ഓക്സ്ഫോർഡ്‌ യൂണിവേഴ്സിറ്റി പ്രൊഫസർ ക്രിസ്റ്റൽ ഡൊണല്ലി പറഞ്ഞു. നിലവിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ചില അവ്യക്തതകൾ ഉണ്ടെന്നാണ് വിദഗ്ധാഭിപ്രായം. വിവരങ്ങൾ വിശകലനം ചെയ്ത് നമുക്ക് കിട്ടുന്ന അറിവുകളും ശരിക്കും സംഭവിക്കുന്ന കാര്യങ്ങളും തമ്മിൽ ചിലപ്പോൾ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. പ്രതിദിന രോഗവ്യാപനത്തിനും അപ്പുറം ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്സിൽ നിന്നുള്ള വിവരങ്ങൾ തുടങ്ങി പല കോണുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താലെ ശരിയായ നിഗമനത്തിലേയ്ക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ എന്ന് യൂണിവേഴ്സിറ്റി ഓഫ് വാർ‌വിക് -ലെ ഡോ. മൈക്ക് ടിൽ‌ഡെസ്ലി അഭിപ്രായപ്പെട്ടു.

യുകെയിൽ നല്ലൊരു ശതമാനം ജനങ്ങൾക്കും വൈറസിനെതിരെ പ്രതിരോധശേഷി ആർജിച്ചു എന്നത് രോഗവ്യാപനം കുറയുന്നതിനുള്ള ഒരു കാരണമായി പ്രൊഫ. ഡൊണല്ലി ചൂണ്ടികാണിച്ചു. 70% മുതിർന്നവർ 2ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു കഴിഞ്ഞു. കുറെയേറെ ആൾക്കാർക്ക് കോവിഡ് വന്നത് മൂലമുള്ള ആർജ്ജിത പ്രതിരോധശേഷിയും കിട്ടി കഴിഞ്ഞു . ഇത് പ്രതിദിന രോഗവ്യാപനം കുറയുന്നതിൻ്റെ ഒരു കാരണമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു .