ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: 40 വർഷത്തിനുള്ളിൽ വെള്ളക്കാരായ ബ്രിട്ടീഷ് വിദ്യാർത്ഥികൾ സ്‌കൂളുകളിൽ ന്യൂനപക്ഷമായേക്കുമെന്ന് അവകാശവാദവുമായി പഠനം. ഓക്‌സ്‌ഫോർഡ് അക്കാദമിക് ഡോ. പോൾ മോർലാൻഡിന്റെ ഗവേഷണത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. 2060 ഓടെ മൊത്തം ബ്രിട്ടീഷ് ജനസംഖ്യയുടെ 50 മുതൽ 60 ശതമാനം വരെ വെള്ളക്കാരായ ബ്രിട്ടീഷുകാരായി ചുരുങ്ങുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം പുറത്തുവിട്ട 2021 ലെ സെൻസസ് ഡേറ്റയ്ക്ക് ശേഷമാണ് ഈ കണ്ടെത്തലുകൾ വരുന്നത്. ലണ്ടനിലും ബർമിംഗ്ഹാമിലും ഇപ്പോൾ ന്യൂനപക്ഷമായിട്ടുള്ളത് വെളുത്ത വംശജരായ കുട്ടികളാണ്.

അതിനിടെ, ഇമിഗ്രേഷൻ വിദഗ്ധരുടെ പ്രവചനങ്ങൾ കാണിക്കുന്നത് 2022 ലെ നെറ്റ് മൈഗ്രേഷൻ 650,000 നും ഒരു ദശലക്ഷത്തിനും ഇടയിലാകാൻ സാധ്യതയുണ്ടെന്നാണ്. ഇത് സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു. സർക്കാരിന് പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് പഠനം കാണിക്കുന്നതെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഈ ഗവൺമെന്റിന്റെ കീഴിലുള്ള മറ്റെല്ലാ കാര്യങ്ങളെയും പോലെ, ഒരു പദ്ധതിയും ഇല്ല, നിയന്ത്രണവുമില്ല, മറ്റെല്ലാ കാര്യങ്ങളും പോലെ, ഈ സംവിധാനവും തകർന്നതായി തോന്നുന്നു’- അദ്ദേഹം കൂട്ടിച്ചേർത്തു. മൊത്തത്തിൽ കുടിയേറ്റം കുറയ്ക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം.

നിയമവിരുദ്ധ കുടിയേറ്റവും പോയിന്റ് അധിഷ്ഠിത സംവിധാനത്തിലൂടെയും സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ പ്രതിനിധികൾ അവകാശപ്പെട്ടു. മുന്നോട്ട് കാര്യങ്ങൾ നീങ്ങുന്നത് അനുസരിച്ച് വെള്ളക്കാരുടെ എണ്ണം സ്കൂളുകളിൽ കുറയുമെന്നാണ് പഠനം കാണിക്കുന്നത്. കേവല ന്യൂനപക്ഷമായി വെളുത്ത വിഭാഗം മാറിയാൽ സർക്കാരിന് കനത്ത തിരിച്ചടിയാണ് സൃഷ്ടിക്കുക എന്നുള്ളതാണ് യാഥാർഥ്യം. പഠനം പുറത്ത് വന്നതിനു പിന്നാലെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ നിരന്തര ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്.