ആരോഗ്യ സേതു ആപ്പ് നിർമ്മിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്രസർക്കാർ

ആരോഗ്യ സേതു ആപ്പ് നിർമ്മിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്രസർക്കാർ
October 28 10:39 2020 Print This Article

ന്യൂഡൽഹി∙ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഡൗൺലോഡ് ചെയ്ത ആരോഗ്യ സേതു മൊബൈൽ ആപ് നിർമച്ചതാരെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്രസർക്കാർ. കോവി‍ഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനുവേണ്ടിയാണ് സർക്കാർ ആപ് നിർമിച്ചത്. നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് ആപ് നിർമിച്ചതെന്ന് ആരോഗ്യ സേതു വെബ്സൈറ്റിൽ പറയുന്നു. എന്നാൽ ഈ രണ്ട് വിഭാഗങ്ങളും തങ്ങളല്ല ആപ് നിർമിച്ചതെന്ന് അറിയിച്ചു. വിവരാവകാശപ്രകാരം വിവരം ആരാഞ്ഞതിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

ആപ് നിർമിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പക്കലില്ലെന്ന് നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ അറിയിച്ചു. ഐടി മന്ത്രാലയം, ദേശീയ ഇ–ഗവേണൻസ് ഡിവിഷനു ചോദ്യം കൈമാറിയെങ്കിലും വിവരം തങ്ങളുടെ വിഭാഗവുമായി ബന്ധപ്പെട്ടതല്ല എന്നായിരുന്നു മറുപടി നൽകിയത്. ഇതെത്തുടർന്ന് ആരാണ് ആരോഗ്യസേതു ആപ് നിർമിച്ചതെന്ന് വ്യക്തമാക്കണമെന്ന് വിവരാവകാശ കമ്മിഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

വിവരങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കും ദേശീയ ഇ ഗവേണൻസ് ഡിവിഷനും വിവരാവകാശ കമ്മിഷൻ നോട്ടിസ് അയച്ചു. എന്തുകൊണ്ടാണ് സർക്കാർ നിരുത്തരവാദിത്തപരമായി മറുപടി നൽകുന്നത്? വെബ്സൈറ്റിനെക്കുറിച്ച് അറിവില്ലെങ്കിൽ എങ്ങനെയാണ് സർക്കാരിന്റെ ഡൊമൈനിൽ വെബ്സൈറ്റ് നിർമിച്ചതെന്നും കമ്മിഷൻ ചോദിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles