യുവനാടന്‍പാട്ട് ഗായിക സുഷമ നേക്പുര്‍(25) സ്വന്തം ഫ്‌ളാറ്റിന് മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയ്ഡയിലെ മിത്ര സൊസൈറ്റിക്ക് സമീപം ഒക്ടോബര്‍ ഒന്നിന് രാത്രി എട്ടരയോടെയാണ് അജ്ഞാതര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

ബുലന്ദ്ശഹര്‍ ജില്ലയില്‍ നടന്ന സംഗീതപരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയതായിരുന്നു അവര്‍. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് വെടിയുണ്ടകള്‍ ദേഹത്ത് തറച്ചുകയറിയതായി പോലീസ് അറിയിച്ചു.

രാഗിണി എന്ന വിഭാഗത്തിലെ നാടന്‍ പാട്ടുകളാണ് ഇവര്‍ അവതരിപ്പിക്കുന്നത്. 2014ല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം മറ്റൊരാള്‍ക്കൊപ്പമാണ് താമസം. കഴിഞ്ഞ ഓഗസ്റ്റ് 19ന് ബുലന്ദ്ശഹറിലെ മെഹ്‌സാനയിലെ സംഗീത പരിപാടിക്കിടയിലും ഇവര്‍ക്ക് നേരെ വധശ്രമമുണ്ടായിരുന്നു. അന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ നടപടികള്‍ക്കായി ഒക്ടോബര്‍ ഒന്നിനും ഇവര്‍ ബുലന്ദ്ശഹറിലെത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഗൗതം ബുദ്ധ് നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ അറിയിച്ചു.

സമീപകാലത്തായി ഡല്‍ഹിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന ആരോപണം ശക്തമായതോടെ പോലീസ് മുഖം സംരക്ഷിക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ 5,933 ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.