ബോറിസ് ജോൺസന്റെ കരിബീയൻ അവധിക്കാലം സംശയത്തിന്റെ നിഴലിൽ: ആഡംബര യാത്രകൾ സ്പോൺസർ ചെയ്തവരെ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ലേബർ പാർട്ടി.

ബോറിസ് ജോൺസന്റെ കരിബീയൻ അവധിക്കാലം സംശയത്തിന്റെ  നിഴലിൽ: ആഡംബര യാത്രകൾ സ്പോൺസർ ചെയ്തവരെ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ലേബർ പാർട്ടി.
February 14 04:00 2020 Print This Article

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- 15000 പൗണ്ട് ചിലവാക്കി ബോറിസ് ജോൺസൺ നടത്തിയ ആഡംബര യാത്രയുടെ സ്പോൺസർമാരെ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ലേബർ പാർട്ടി രംഗത്ത്. യാത്ര സ്പോൺസർ ചെയ്തു എന്ന് പറയപ്പെടുന്ന ഒരു കൺസർവേറ്റീവ് പാർട്ടി ഡോണർ, തന്റെ പങ്ക് നിഷേധിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ആവശ്യം ഉയർന്നു വന്നിരിക്കുന്നത്. പണത്തിന്റെ ഉറവിടം ഉടൻ തന്നെ വെളിപ്പെടുത്തണമെന്നും, ഇല്ലെങ്കിൽ പാർലമെന്റ് അന്വേഷണം നേരിടേണ്ടിവരുമെന്നും ലേബർ പാർട്ടിയുടെ മുന്നറിയിപ്പുണ്ട്. ബോറിസ് ജോൺസനും, ഗേൾഫ്രണ്ട് ക്യാരി സിമോണ്ട്സും കരിബീയൻ രാജ്യമായ സെയിന്റ് വിൻസെന്റ് & ഗ്രീനാടെൻസ് എന്ന ദ്വീപ് സമൂഹത്തിലേക്കാണ്, ഇലക്ഷന് ശേഷം ഉള്ള വിജയം ആഘോഷിക്കുവാനായി പോയത്. ബോറിസ് ജോൺസൺ നേരത്തെ നൽകിയ വിവരം അനുസരിച്ച്, ഈ യാത്ര സ്പോൺസർ ചെയ്തത് കാർഫോൺ വെയർഹൗസ് സഹസ്ഥാപകൻ ആയിരിക്കുന്ന ഡേവിഡ് റോസ് ആണ്. എന്നാൽ കഴിഞ്ഞ ദിവസം ഇദ്ദേഹം ഡെയിലി മെയിലിനു നൽകിയ അഭിമുഖത്തിൽ, താൻ ഈ യാത്ര സ്പോൺസർ ചെയ്തിട്ടില്ലെന്നും, താമസ സൗകര്യങ്ങളെ പറ്റിയുള്ള വിവരങ്ങൾ പ്രധാനമന്ത്രിക്ക് നൽകുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.

ഇതേ തുടർന്നാണ് താൻ നടത്തിയ യാത്രയുടെ യഥാർത്ഥ വിവരങ്ങൾ പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും, ഇല്ലെങ്കിൽ പാർലമെന്റ് അന്വേഷണം നേരിടാൻ തയ്യാറാകണമെന്നും ലേബർ പാർട്ടി ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഈ യാത്രയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം ചെയ്തയാളുടെ വിശദ വിവരങ്ങൾ പുറത്തു വിടണമെന്ന് ഷാഡോ ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ ജോൺ ട്രിക്കേറ്റ് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ഇത്തരം വിവരങ്ങൾ അറിയാനുള്ള അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനിയൻ നേതാവായിരുന്ന കാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയപ്പോൾ ഉണ്ടായ പ്രശ്ന സമയങ്ങളിൽ ബോറിസ് ജോൺസൺ ഈ യാത്രയിലായിരുന്നു. യാത്ര ഇടയ്ക്കുവെച്ച് നിർത്തി തിരികെ രാജ്യത്തേക്ക് വരാത്തതിൽ അന്നേ പ്രതിഷേധമുയർന്നിരുന്നു.

ഡിസംബർ 26 മുതൽ ജനുവരി അഞ്ചു വരെയുള്ള സമയത്താണ് ബോറിസ് ജോൺസൺ യാത്രയിൽ ഏർപ്പെട്ടത്. ബോറിസ് ജോൺസന് എതിരെ ശക്തമായ ആരോപണങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles