കൊളംബോ: ഫിനാന്‍ഷ്യല്‍ ടൈംസ് ലേഖകന്‍ പോള്‍ മക്‌ലാറന്‍ ശ്രീലങ്കയില്‍ വെച്ച് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രാഥമിക കര്‍മ്മള്‍ക്ക് ശേഷം നദിയില്‍ കൈ കഴുകുന്നതിനിടെയാണ് മുതല ആക്രമിച്ചത്. പോളിനെ മുതല നദിയിലേക്ക് വലിച്ചുകൊണ്ട് പോയി. ശ്രീലങ്കയിലെ എലഫന്റ് റോക്കിനു സമീപമുള്ള ഈസ്റ്റ് ബീച്ച് സര്‍ഫ് റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു 24കാരനായ പോള്‍ മക്‌ലാറന്‍. മൃതദേഹം പിന്നീട് തീരദേശ ഗ്രാമമായ പനാമയിലെ ലഗൂണില്‍ ചെളിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്റെ വലതുകാലില്‍ ആറോ ഏഴോ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ശ്രീലങ്കന്‍ പോലീസ് അറിയിച്ചു.

മുതല വലിച്ചുകൊണ്ടുപോയപ്പോള്‍ ഇദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം ഇയാളെ നേരത്തെ കണ്ട പ്രദേശത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. മരണകാരണം വ്യക്തമാകുന്നതിന് പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തും. സംഭവത്തിനു മുമ്പ് ഇയാള്‍ വനത്തില്‍ പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് പോയി. പിന്നീട് നദിയില്‍ കൈകഴുകുന്നതിനിടെയാണ് മുതല ആക്രമിച്ചതെന്ന് സഫ സര്‍ഫ് സ്‌കൂള്‍ ഉടമ ഫവാസ് ലഫീര്‍ പറഞ്ഞു.

മുതലകള്‍ ശരീരങ്ങള്‍ ചെളിയില്‍ ഒളിപ്പിക്കുന്നതിനേക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ബീച്ചിനോട് അടുത്ത് മുതലകള്‍ എത്തുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും സുരക്ഷിതമായ പ്രദേശമായാണ് എലഫന്റ് റോക്ക് അറിയപ്പെടുന്നത്. പോളിന്റെ അകാലത്തിലുള്ള മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയതായി ഫിനാന്‍ഷ്യല്‍ ടൈംസിലം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭിക്കുന്നതേയുള്ളുവെന്ന് മാനേജിംഗ് എഡിറ്റര്‍ ജെയിംസ് ലമോന്റ് പറഞ്ഞു.