സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ അവസാനിച്ചു കഴിഞ്ഞപ്പോള്‍ ദേശീയ കലാമേള വാശിയേറിയ പോരാട്ടത്തിനുള്ള വേദിയാകുമെന്നുള്ളത് ഉറപ്പായി. ഒന്നിനൊന്നിന് മികച്ച പ്രകടനമാണ് എല്ലാ പ്രധാന റീജണുകളിലും നടന്നു കഴിഞ്ഞിട്ടുള്ളത്. പത്താമത് ദേശീയ കലാമേളയില്‍ ചാമ്പ്യന്‍ റീജിയണാകുന്നത് ആരാകുമെന്നുള്ള ആകാംഷയിലാണ് കലാപ്രേമികള്‍ കാത്തിരിക്കുന്നത്.
നിലവിലുള്ള ചാമ്പ്യന്മാരായ യോര്‍ക്ക്ഷെയറിന് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താനാവുമോ എന്നുള്ളതാണ് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷെഫീല്‍ഡില്‍ വച്ച് നടന്ന ദേശീയ കലാമേളയില്‍ ആതിഥേയരെന്ന ആനുകൂല്യവും ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ എന്നിവരുടെ മിന്നുന്ന പ്രകടനവും കൂടിച്ചേര്‍ന്നപ്പോള്‍ അതുവരെ കിരീടം കുത്തകയാക്കി വച്ചിരുന്ന മുന്‍നിര റീജിയണുകളെയെല്ലാം പിന്നിലാക്കി യോര്‍ക്ക്ഷെയര്‍ ആന്റ് ഹമ്പര്‍ റീജിയൺ ചാമ്പ്യന്മാരാവുകയായിരുന്നു. ഒപ്പം ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷന്‍ പട്ടവും സ്വന്തമാക്കിയപ്പോള്‍ റീജിയണ് അത് ഇരട്ടിമധുരമായി മാറി. ഇന്നുവരെ നടന്നിരിക്കുന്ന ഒന്‍പത് കലാമേളകളില്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷന്‍ ഉള്‍പ്പെടുന്ന റീജിയണ് ചാമ്പ്യന്മാരാകാന്‍ സാധിച്ചിട്ടുള്ളത് നാല് തവണ മാത്രമാണ്. ഇത്തവണയും ഇ സി വൈ ഒ, ഹൾ, എസ് കെ സി എ, ഷെഫീൽഡ് എന്നിവരുടെ കരുത്തില്‍ വിജയമാവര്‍ത്തിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റീജിയണല്‍ നേതൃത്വം.
കഴിഞ്ഞ തവണ യോര്‍ക്ക്ഷെയര്‍ നേട്ടം കൈവരിച്ചതുപോലെ ആതിഥേയരെന്ന ആനുകൂല്യം മുതലെടുത്ത് ദേശീയ കലാമേളയുടെ ചാമ്പ്യന്മാരാകാന്‍ ഒരുങ്ങുകയാണ് നോര്‍ത്ത് വെസ്റ്റ് റീജിയണ്‍. നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ ഇതിനു മുന്‍പ് ദേശീയ കലാമേള നടന്നത് 2013ല്‍ ലിവര്‍പൂളില്‍ വച്ചാണ്. ഈസ്റ്റ് ആംഗ്ലിയയില്‍ നിന്നെത്തിയ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷനും മിഡ്‌ലാൻഡ്‌സ് ചാമ്പ്യന്‍ റീജിയണുമായി തെരഞ്ഞെടുക്കപ്പെട്ടു ആ വർഷം. ഇത്തവണ അതിന് പ്രായശ്ചിത്വം ചെയ്യുമെന്ന ദൃഡനിശ്ചയത്തിലാണ് നോര്‍ത്ത് വെസ്റ്റ് റീജിയൺ. യു കെ യിലെ ഏറ്റവും ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഏറ്റവും മികച്ച അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി അസ്സോസിയേഷനിലാണ് റീജിയന്റെ പ്രധാന പ്രതീക്ഷ. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ മത്സരങ്ങളില്‍ മറ്റ് സംഘടനകളെയെല്ലാം ബഹുദൂരം പിന്നിലാക്കി എം എം എ നടത്തിയ തേരോട്ടം ദേശീയ കലാമേളയില്‍ ആവര്‍ത്തിക്കാനായാല്‍ മികച്ച അസോസിയേഷനും ചാമ്പ്യന്‍ റീജിയനും നോര്‍ത്ത് വെസ്റ്റില്‍ തന്നെയായിരിക്കും.
ഒന്‍പത് ദേശീയ കലാമേളകളില്‍ അഞ്ചിലും ചാമ്പ്യന്മാരായി പാരമ്പര്യമുള്ള കരുത്തുറ്റ റീജിയണായ മിഡ്ലാന്റ്സ് ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ ദേശീയ കലാമേളയ്ക്കെത്തുന്നത്. ഹാട്രിക്ക് വിജയത്തിന്‌ശേഷം കഴിഞ്ഞ തവണ ഷെഫീല്‍ഡിലേയ്ക്ക് എത്തിയപ്പോള്‍ യോര്‍ക്ക്ഷെയറിനു മുന്നില്‍ മിഡ്‌ലാൻഡ്‌സിന് കാലിടറി. മുന്‍പ് 2014ല്‍ ഹാട്രിക്ക് വിജയം തേടി മിഡ്ലാന്റ്സ് ലെസ്റ്ററിലെത്തിയപ്പോഴും ഇതേപോലെ അടിയറവ് പറയേണ്ടി വന്നിട്ടുണ്ട്; അന്നത് ഈസ്റ്റ് ആംഗ്ലിയ റീജിയനോടായിരുന്നു.
ബര്‍മ്മിങ്ഹാം ബി സി എം സി, എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്റ് എന്നീ പവര്‍ഹൗസുകളാണ് മിഡ്‌ലാൻഡ്‌സിന്റെ കരുത്ത്. 2016ലെ കവന്‍ട്രി ദേശീയ കലാമേളയില്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി ഇവര്‍ രണ്ടു പേരും ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തവണയും റീജിയണില്‍ ബി സി എം സി ചാമ്പ്യന്മാരും സ്റ്റോക്ക് റണ്ണേഴ്സ് അപ്പുമാണ്. അത് ദേശീയ കലാമേളയില്‍ മാറിമറിയാവുന്നതുമാണ്. ഇവരുടെ മികച്ച പ്രകടനം ദേശീയ കലാമേളയില്‍ ആവര്‍ത്തിച്ചാല്‍ മിഡ്ലാന്റ്സ് തങ്ങളുടെ പ്രതാപകാലത്തേയ്ക്ക് തിരിച്ചു വരും.
ആദ്യ രണ്ട് ദേശീയ കലാമേളകളില്‍ ചാമ്പ്യന്മാരായത് സംയുക്ത സൗത്ത് ഈസ്റ്റ്- സൗത്ത് വെസ്റ്റ് റീജിയണായിരുന്നു. പിന്നീട് രണ്ട് റീജിയണായി മാറിയതിനു ശേഷം ഇന്നു വരെ തങ്ങളുടെ ആദ്യകാല പ്രതാപത്തിലേയ്ക്ക് മടങ്ങിയെത്തുവാന്‍ അവർക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ സൗത്ത് വെസ്റ്റ് റീജിയണ്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്ന പ്രതീതിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ദേശീയ കലാമേളയില്‍ രണ്ട് തവണ ഏറ്റവുമധികം പോയിന്റ് നേടി ചാമ്പ്യൻ അസോസിയേഷൻ പട്ടം നേടിയിട്ടുള്ള, റീജിയണില്‍ അഞ്ച് തവണ ചാമ്പ്യന്മാരായിട്ടുള്ള ഗ്ലോസ്റ്റര്‍ഷെയർ മലയാളി അസോസിയേഷനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ഈ വർഷത്തെ റീജിയണൽ കലാമേളയിൽ സ്വിന്‍ഡന്‍ ഡബ്ല്യു എം എ, സാലിസ്ബറി എസ് എം എ എന്നീ അസോസിയേഷനുകള്‍ മുന്നിലെത്തിയിട്ടുള്ളത്. ഗ്ലോസ്റ്ററിന് തൊട്ടു പിന്നിൽ തന്നെ എയ്ൽസ്ബറിയും പൊരുതി എത്തിയിരുന്നു. ഈ അസോസിയേഷനുകളെല്ലാം തങ്ങളുടെ മിന്നുന്ന പ്രകടനം ദേശീയ കലാമേളയില്‍ ആവര്‍ത്തിച്ചാല്‍ സൗത്ത് വെസ്റ്റ് ചരിത്ര നേട്ടത്തിന് ഉടമകളാവും.
സൗത്ത് ഈസ്റ്റ് റീജിയണൽ ചാമ്പ്യന്മാരായ പോര്‍ട്ട്സ്മൗത്ത്, സീമ ഈസ്റ്റ്ബോണ്‍, കെ സി ഡബ്യു എ ക്രോയിഡോണ്‍ എന്നീ സംഘടനകളുടെ കരുത്തിലാണ് റീജിയൺ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. ഈസ്റ്റ് ആംഗ്ലിയക്കാവട്ടെ റീജയണല്‍ ചാമ്പ്യന്മാരായ നോര്‍വിച്ച് മലയാളി അസോസിയേഷനിലാണ് പ്രതീക്ഷ. ദേശീയ കലാമേളകളില്‍ ചാമ്പ്യന്‍ അസോസിയേഷന്‍ പട്ടം സ്വന്തമാക്കിയിട്ടുള്ള ബാസില്‍ഡണ്‍, ഇപ്സ്വിച് എന്നിവയുടെ പാതയിൽ നോര്‍വിച്ച് മുന്നേറുമോ എന്ന് മാഞ്ചസ്റ്ററിൽ അറിയാം.
ഇവര്‍ക്കൊപ്പം ഇത്തവണ റീജിയണല്‍ കലാമേള നടന്ന സ്കോട്ട്ലാന്റ്, നോര്‍ത്ത് ഈസ്റ്റ് റീജിയണുകള്‍ കൂടി ചേരുമ്പോള്‍ പോരാട്ടം കനത്തതാവും. ഓരോ മത്സരാര്‍ത്ഥിയും നേടുന്ന പോയിന്റ് ചാമ്പ്യന്‍ അസോസിയേഷനേയും ഓവറോള്‍ ചാമ്പ്യന്മാരാകുന്ന റീജിയണേയും തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുമെന്നതിനാല്‍ മാഞ്ചസ്റ്റര്‍ കലാമേള യു കെ മലയാളി കലാപ്രേമികള്‍ക്ക് അത്യന്തം വാശിയേറിയ കലാമാങ്കമാകും എന്നതിൽ സംശയമില്ല.
Leave a Reply