ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യാന്തര അതിർത്തിയാണ് ചൈനയുമായി റഷ്യ പങ്കിടുന്നത്. എന്നിട്ടും 14.5 കോടി ജനസംഖ്യയുള്ള റഷ്യയിൽ ഒരാൾ പോലും കൊറോണ വൈറസ് ബാധ മൂലം മരിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഉത്തര കൊറിയയും റഷ്യയും ഒഴികെ ചൈനയുമായി അതിർത്തി പങ്കിടുന്ന ഭൂരിഭാഗം രാജ്യങ്ങളും കോവിഡ്–19 ഭീതിയിൽ പോരാടുമ്പോഴാണ് ഇവരുടെ അവകാശവാദം ചോദ്യചെയ്യപ്പെടുന്നത്.

വ്ളാഡിമിര്‍ പുടിന്റേത് വീരവാദം മാത്രമാണെന്നും കണക്കുകളിൽ വാസ്തവമില്ലെന്നും ആരോപിച്ച് റഷ്യയിലെ സർക്കാർ വിരുദ്ധ ചേരിയിലുള്ള ഡോ. അനസ്താസ്യ വസല്യേവ രംഗത്തു വന്നതോടെ കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രാജ്യാന്തര മാധ്യമങ്ങളും രംഗത്തെത്തി. കോവിഡ്–19 മൂലമുള്ള മരണങ്ങൾ ന്യൂമോണിയയുടെ കണക്കിൽ എഴുതി തള്ളാനാണ് ശ്രമമെന്നും അനസ്താസ്യ വസല്യേവ ആരോപിക്കുന്നു.

റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുനുസരിച്ച് ഒന്നര ലക്ഷത്തിലേറെ കോവിഡ്–19 ടെസ്റ്റുകളാണ് റഷ്യയിൽ ഇതുവരെ നടന്നത്. കഴിഞ്ഞ വ്യാഴ്ചയാണ് കോവിഡ്–19 മൂലം മോസ്കോയിൽ 79 കാരി മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ മരണം ന്യൂമോണിയ മൂലമെന്നായിരുന്നു റഷ്യൻ അധികൃതരുടെ അവകാശവാദം. 79കാരിയുടെ മരണശേഷം കടുത്ത നിയന്ത്രണങ്ങൾ രാജ്യമെമ്പാടും നടപ്പിലാക്കുകയും ചെയ്തു. മേയ് 1 വരെ രാജ്യാന്തര അതിർത്തികൾ അടച്ചിട്ടു. സ്കൂളുകളും പ്രധാന നഗരങ്ങളുമെല്ലാം അടച്ചിട്ടു. കൊറോണ വൈറസ് ബാധയുള്ള രോഗികളെ ചികിത്സിക്കാൻ 500 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം ആരംഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജനുവരിയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജനുവരി 30ന് ചൈനയുമായുള്ള അതിർത്തി അടച്ചിട്ടുവെന്നും ക്വാറന്റീന്‍ സോണുകള്‍ പ്രഖ്യാപിച്ചതും പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതും വൈറസ് ബാധയെ പിടിച്ചുകെട്ടാൻ സഹായിച്ചുവെന്നുമായിരുന്നു റഷ്യൻ അധികൃതരുടെ വിശദീകരണം.

റഷ്യ യഥാർഥ കണക്കുകൾ പുറത്തു വിടാൻ തയാറാകണമെന്നു സർക്കാർ വിരുദ്ധ ചേരിയിലുള്ള നേതാക്കൾ ആവശ്യപ്പെടുന്നു. മറ്റു സംശയങ്ങൾ കണ്ടില്ലെന്നു വച്ചാലും കോവിഡ്–19 കേസുകളിൽ കാര്യമായ വർധനയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വെറും 150 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇപ്പോൾ അത് 367 ആയി എന്നാണ് റിപ്പോർ‍ട്ട്.

കഴിഞ്ഞ വർഷത്തേക്കാൾ 37 ശതമാനത്തിലധികം ആളുകളാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. മോസ്കോയിൽ മാത്രം ഈ വർഷം ന്യൂമോണിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 6,921 ആണ്. സോവിയറ്റ് യൂണിയന്‍ ആയിരുന്ന കാലത്ത് ചെര്‍ണോബില്‍ ആണവ ദുരന്തവും എയ്ഡ്‌സ് വ്യാപനവും എല്ലാം മറച്ചു വച്ച ചരിത്രമുള്ള റഷ്യ കോവിഡ്–19 മരണവും മറച്ചു വയ്ക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങളും ആരോപിക്കുന്നു.